ADVERTISEMENT

മുണ്ടക്കൈ ∙ പുതിയ വീടിന്റെ കോലായയിൽ ഭാര്യ സൂര്യകലയ്ക്കൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഫോട്ടോ അലമാരയിൽനിന്ന് എടുത്തുനോക്കുമ്പോൾ സുധാകരന്റെ മുഖത്ത് എല്ലാം നഷ്ടപ്പെട്ടവന്റെ ഭാവമായിരുന്നു. ‘ഓണത്തിനു പാലുകാച്ചി കയറിത്താമസിക്കാനിരുന്ന വീടായിരുന്നു. അവിടെവച്ച് മോൻ സുജീഷിന്റെ കല്യാണം നടത്താനും തീരുമാനിച്ചിരുന്നു. എല്ലാം പോയില്ലേ.. ഇനി ആഗ്രഹങ്ങളൊന്നും ഞങ്ങൾക്കില്ല’– മരവിച്ച മനസ്സോടെ ഫോട്ടോ അലമാരയിലേക്കുതന്നെവച്ച് സുധാകരൻ പാടിയിൽ നിന്നിറങ്ങി നടന്നു, ദുരിതാശ്വാസ ക്യാംപിലേക്ക്.

എസ്ആർ എസ്റ്റേറ്റിലെ സ്റ്റോർപാടിയിൽ റൂം നമ്പർ 12ൽ ഭാര്യ സൂര്യകലയ്ക്കൊപ്പം താമസിക്കുകയായിരുന്ന ചങ്കനാറ സുധാകരന്റെ സ്വപ്നങ്ങളാണ് ഉരുളിൽ ഒലിച്ചുപോയത്. ഇതുമാത്രമല്ല ഉരുളെടുത്തത്. സഹോദരി ബേബിയുടെ മകന്റെ കുടുംബമടക്കം അഞ്ചുബന്ധുക്കളും നഷ്ടമായി.സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ലഭിച്ച നാലു ലക്ഷം രൂപയും ബാങ്കിൽ നിന്നു വായ്പയെടുത്ത 11 ലക്ഷം രൂപയും കൊണ്ടായിരുന്നു സുധാകരൻ ചൂരൽമലയിൽ പുതിയ വീടുവച്ചത്. 2018ൽ തുടങ്ങിയതാണു വീടുപണി. തൊട്ടടുത്ത കൊല്ലം ഉണ്ടായ മലവെള്ളപാച്ചിലിൽ വീടുനിർമാണത്തിനു കൊണ്ടുവന്ന സാധനങ്ങളെല്ലാം ഒലിച്ചുപോയി. തൊട്ടുപിന്നാലെ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ചെറിയ സഹോദരി അജിതയുടെ ജീവനെടുത്തു. 

 രണ്ടുകിടപ്പുമുറികളും നല്ല അടുക്കളയുമൊക്കെയുള്ള വീട് എങ്ങനെയും പൂർത്തിയാക്കണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ വർഷമാണ് ബാങ്കിൽ നിന്നു വായ്പയെടുത്ത് പണി പുനരാരംഭിച്ചത്.വീടിന്റെ പെയിന്റിങ് ജോലി മാത്രമേ ഇനി പൂർത്തിയാകാനുള്ളൂ. വിദേശത്ത് കടയിൽ ജോലി ചെയ്യുന്ന മകൻ സുജീഷ് വരും, തിരുവോണനാളിൽ പാലുകാച്ചണം എന്നൊക്കെ സുധാകരനും സൂര്യകലയും തീരുമാനിച്ചു ബന്ധുക്കളെയൊക്കെ അറിയിച്ചിരുന്നു. പക്ഷേ, ജൂലൈ 30നു പുലർച്ചെ സ്വപ്നങ്ങളെല്ലാം മായ്ച്ചുകൊണ്ട് വെള്ളം കുത്തിയൊലിച്ചു.

രാത്രി ഒരു മണിയോടെ വെള്ളം ഒഴുകിയെത്തിയപ്പോൾ സുധാകരനും സൂര്യകലയും അയൽവാസികൾക്കൊപ്പം ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെയാണ് പാടിയിൽ തിരിച്ചെത്തിയത്. വെള്ളംകയറി നശിച്ച പാടിയിൽ ഇനി താമസിക്കാൻ കഴിയില്ലെന്നാണു സുധാകരൻ പറയുന്നത്. അലമാര തുറന്നപ്പോൾ കണ്ടത് പുതിയ വീടിന്റെ ചിത്രമായിരുന്നു. ഉള്ളുചിതറുന്ന നൊമ്പരത്തോടെ എല്ലാം അവിടെയിട്ടു സുധാകരൻ മടങ്ങി. സുധാകരന്റെ മൂത്ത സഹോദരി ബേബിയുടെ മകൻ ജഗദീഷ്, ഭാര്യ സരിത, മകൻ, മറ്റൊരു സഹോദരീ ഭർത്താവ് സുദർശനൻ, മകൾ ലനി എന്നിവരും ഉരുൾപൊട്ടലിൽ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com