വീട്ടിലെത്തിയ നസീമ ഞെട്ടി; ‘ആദ്യം ഉരുൾപൊട്ടൽ എല്ലാം കൊണ്ടുപോയി, ഇപ്പോൾ കള്ളന്മാരും’
Mail This Article
മുണ്ടക്കൈ∙ ‘‘ആദ്യം ഉരുൾപൊട്ടൽ എല്ലാം കൊണ്ടുപോയി.. ഇപ്പോൾ കള്ളന്മാരും’’. എസ്ആർ എസ്റ്റേറ്റിലെ സ്റ്റോർപാടിയിൽ 8 ദിവസത്തിനു ശേഷം വന്നപ്പോൾ കെ.നസീമ ഞെട്ടിപ്പോയി. കള്ളൻ അലമാര വാരിവലിച്ചിട്ട് പണമെല്ലാം എടുത്തിരിക്കുന്നു. ജൂലൈ 30ന് പുലർച്ചെ വെള്ളം ഒഴുകിയെത്തുന്ന ശബ്ദം കേട്ട് ഉമ്മയെയും മകനെയും കൂട്ടി അയൽവാസികൾക്കൊപ്പം രക്ഷപ്പെട്ടതായിരുന്നു നസീമ. എസ്റ്റേറ്റ് ഉടമയുടെ ബംഗ്ലാവിലേക്കാണു പാടിയിലെ എല്ലാവരും രക്ഷപ്പെട്ടെത്തിയത്. അന്നേരം വീടൊന്നും അടച്ചിരുന്നില്ല. ബംഗ്ലാവിൽ നിന്ന് അടുത്തദിവസം രക്ഷാപ്രവർത്തകർ ദുരിതാശ്വാസക്യാംപിലേക്കു കൊണ്ടുപോയി.
ഇന്നലെയാണു മകനെയും കൂട്ടി നസീമ വീട്ടിലെത്തിയത്. 8 ദിവസം കൊണ്ട് വീടാകെ ചിതൽ കയറിയിരുന്നു. അടുക്കളയൊക്കെ ചെളിനിറഞ്ഞു. കിടപ്പുമുറിയിലെ അലമാര തുറന്നാണ് കള്ളൻ പണമെടുത്തത്. ഇവരുടെ വീടിന്റെ തൊട്ടുപിറകിലെ സ്ഥലംവരെ ഉരുളെടുത്തു. അവിടെയൊക്കെ ദേശീയ ദുരന്തനിവാരണ സേന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇനി പാടിയിലേക്കില്ലെന്നാണു നസീമ പറയുന്നത്. ക്യാംപിൽ നിന്ന് എവിടേക്കു പോകുമെന്നറിയില്ല. തൊഴിലുറപ്പുതൊഴിലാളിയാണു നസീമ.