ഉരുൾപൊട്ടൽ: അടിഞ്ഞുകൂടിയ പാറകളും മരത്തടികളും അതിജീവനത്തിനായി പ്രയോജനപ്പെടുത്താം
Mail This Article
മുണ്ടക്കൈയെയും ചൂരൽമലയെയും പാടേ തകർത്ത് പുഴയിലും കരയിലും അടിഞ്ഞുകൂടിയ പാറക്കൂട്ടങ്ങളും മരത്തടികളും എന്തു ചെയ്യാം ഇവ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുകയാണിവിടെ...
കൽപറ്റ ∙ മുണ്ടക്കൈ മസ്ജിദിനോടു ചേർന്ന് പഴയ റോഡിനു നടുവിലായി ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറ നിൽപ്പുണ്ട്. അത്രയും വലിയ പാറക്കല്ല് എങ്ങനെ അവിടെ ഒഴുകിയെത്തിയെന്ന് അദ്ഭുതം കൂറുകയാണ് എല്ലാവരും.ഇതുപോലെ വൻ കരിമ്പാറക്കല്ലുകളാണ് ഒരു ഭൂപ്രദേശത്തെ മുഴുവനായി ഉപയോഗശൂന്യമാക്കി അടിഞ്ഞുകൂടിയിരിക്കുന്നത്. ഒലിച്ചെത്തിയ വന്മരങ്ങളും ചെളിയും ഇതിനു പുറമെയാണ്. ഇതെല്ലാം പുനരുപയോഗിക്കാവുന്നതാണോ?
വലിയ പാറക്കല്ലുകൾ
പുനരുപയോഗിക്കാവുന്ന തരത്തിലേക്കു മാറ്റിയാൽ ഇവ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ ഉൾപെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കാം.അടിത്തറ കെട്ടാനും മണ്ണിടിച്ചിൽ പ്രതിരോധ ഭിത്തികൾ പണിയാനും പാറക്കല്ലുകൾ ഉപയോഗിക്കാം.
കടപുഴകിയ വന്മരങ്ങൾ
ഇവ ശാസ്ത്രീയ രീതിയിലൂടെ സംസ്കരിച്ചെടുത്താൽ ഇനിയും മരത്തടികളാക്കി മാറ്റാം.
സാമ്പത്തിക–പരിസ്ഥിതി പ്രയോജനങ്ങൾ
∙ മാലിന്യത്തിന്റെ അളവ് കുറയും
അടിഞ്ഞുകൂടിയ പാറക്കല്ലുകളും വന്മരങ്ങളും ഏറ്റെടുക്കുമ്പോൾ പ്രകൃതിചൂഷണം മൂലമുള്ള പരിസ്ഥിതി ആഘാതം കുറയും.പ്രദേശത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഇല്ലാതാകും.
∙സാമ്പത്തികനേട്ടം
പാറക്കല്ലും മരങ്ങളും പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതു ചെലവുകുറഞ്ഞ രീതിയാണ്. സർക്കാരിനു നിർമാണസാമഗ്രികൾക്കു വേണ്ടിവരുന്ന നല്ലൊരു തുക ഇതുവഴി ലാഭിക്കാം.
∙ തൊഴിൽ ലഭ്യത
പാറക്കല്ലും മരങ്ങളും സംസ്കരിച്ചെടുക്കുന്നതും നിർമാണപ്രവർത്തനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്നതും പ്രദേശവാസികൾ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർക്കു തൊഴിൽ നൽകും. ഇതു സാമ്പത്തികമേഖലയ്ക്ക് ഉണർവേകും.
∙ പരിസ്ഥിതിക്കും നേട്ടം
ഗുണനിലവാരമുള്ള പാറക്കല്ലുകളാണ് അടിഞ്ഞുകൂടിയത്. കൂടുതൽ ക്വാറികൾ ആരംഭിക്കാതെ താൽക്കാലിക ആവശ്യത്തിനുള്ള കല്ല് ഇവിടെനിന്ന് എടുക്കാനാകും.
എങ്ങനെ നടപ്പാക്കാം?
∙ അടിഞ്ഞുകൂടിയ പാറക്കൂട്ടങ്ങളുടെയും വന്മരങ്ങളുടെയും അളവറിയാൻ കൃത്യമായ കണക്കെടുപ്പ് നടത്തണം.
∙ പാറകളെയും മരങ്ങളെയും നിർമാണപ്രവർത്തനങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപെടുത്തണം
∙ പ്രാദേശിക ബിൽഡർമാരുമായും എൻജിനീയർമാരുമായും സഹകരിച്ചു പുനർനിർമാണപ്രവർത്തനത്തിനു തുടക്കമിടുക
∙ പ്രാദേശിക സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പുനർനിർമാണ പദ്ധതി നടപ്പിലാക്കുക