ചെറിയ പുഴയോരത്ത് വലിയ മാലിന്യക്കൂമ്പാരം
Mail This Article
പനമരം∙ ബീനാച്ചി - പനമരം റോഡിൽ മാത്തൂർ വയലിനു സമീപം ചെറിയ പുഴയോരത്ത് ഒരിടവേളയ്ക്കുശേഷം വീണ്ടും മാലിന്യം തള്ളൽ പതിവാകുന്നു. മുൻപ് തള്ളിയ മാലിന്യമെല്ലാം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതോടെയാണു പാതയോട് ചേർന്നു വിവിധയിടങ്ങളിലായി മാലിന്യം തള്ളുന്നത്. ഒഴുകി പോകാത്ത പ്ലാസ്റ്റിക് മാലിന്യം മുളങ്കൂട്ടത്തിനുള്ളിൽ തങ്ങി നിൽക്കുകയാണ്. മാത്തൂരിനു പുറമേ പനമരം ടൗണിനും പുഞ്ചവയലിനും ഇടയിലുള്ള പാതയോരത്തും മാലിന്യം തള്ളിയിട്ടുണ്ട്. കോഴിക്കടകളിലെ അവശിഷ്ടങ്ങളും പഴം, പച്ചക്കറിക്കടകളിൽ കേടായവയും പ്ലാസ്റ്റിക് മാലിന്യവുമാണ് തള്ളുന്നതിൽ ഏറെയും.
ഇവ പ്ലാസ്റ്റിക് ചാക്കുകളിലും സഞ്ചികളിലും നിറച്ചാണു തള്ളുന്നത്.ചീഞ്ഞുനാറുന്ന മാലിന്യം കാരണം മൂക്കു പൊത്താതെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മാലിന്യം തള്ളുന്നവർക്ക് എതിരെ പഞ്ചായത്ത് കർശന നടപടിയും പിഴയും ചുമത്തുമെന്ന് പറയുന്നതല്ലാതെ നടപടി എടുക്കാത്തതാണു പാതയോരങ്ങളിൽ വൻതോതിൽ മാലിന്യം തള്ളാൻ കാരണം. മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നും പാതയോരത്ത് തളളിയ മാലിന്യങ്ങൾ മാറ്റാനും നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.