ADVERTISEMENT

പുൽപള്ളി ∙ എല്ലാടിയത്തും ഒന്നിച്ച് നടീലായതോടെ തൊഴിലാളികളെ കിട്ടാതെ കർഷകർ. ശക്തമായ മഴമാറിയതോടെ കർഷകർ പാടത്ത് സജീവമായി. ഇക്കൊല്ലം നെൽക്കൃഷിക്ക് അനുകൂല സാഹചര്യമാണ്. രൂക്ഷമായ വനമൃഗശല്യമുള്ള പ്രദേശങ്ങളിലൊഴികെ പരമാവധി സ്ഥലത്ത് നെൽക്കൃഷിയിറക്കുന്നുണ്ട്. പാടമൊരുക്കാനും ഞാറ് പറിച്ചുനടാനും ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ല. ഗോത്രകോളനികളുണ്ടെങ്കിലും മിക്കവരും തോട്ടങ്ങളിലെ ജോലിക്കു പോകുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലെ തോട്ടങ്ങളിലേക്കും തൊഴിലാളികൾ പോകുന്നുണ്ട്. ഗോത്രഗ്രാമങ്ങളിൽ രാവിലെ എത്തുന്ന വാഹനങ്ങളിൽ അവർ കയറിപ്പോകുന്നതിനാൽ പ്രാദേശികമായി തൊഴിലാളി ക്ഷാമം നേരിടുന്നു.

കബനിക്കരയിലെ പാടത്ത് കർണാടക ഗ്രാമങ്ങളിൽ നിന്നു ജോലിക്കാരെത്തുന്നുണ്ട്. ചേകാടി ഭാഗത്തും നടീൽ അവസാന ഘട്ടത്തിലാണ്. ചിലേടങ്ങളിൽ യന്ത്രസഹായത്തോടെ ഞാറു നടീൽ നടത്തുന്നുണ്ട്. ഏതുവിധത്തിലായാലും പാടമൊരുക്കി നടീൽ പൂർത്തീകരിക്കുംവരെ കാര്യമായ കാശുമുടക്കുണ്ടെന്ന് കർഷകർ പറയുന്നു. നെൽക്കൃഷി നഷ്ടമാണെങ്കിലും പാടം തരിശിടാതെ കർഷകർ കൃഷിചെയ്യുന്നു. കൃഷിക്കുള്ള സഹായങ്ങളും കുറഞ്ഞു. മുമ്പ് വിത്ത്. കുമ്മായം, സബ്സിഡി എന്നിവയെല്ലാമുണ്ടായിരുന്നു. ഏതാനും വർഷങ്ങളായി നെൽക്കൃഷിക്ക് സർക്കാർ സഹായമൊന്നുമില്ല.

തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയില്ല
പുൽപള്ളി ∙ പാതയോരങ്ങളിൽ കാടുവെട്ടിയും വനത്തിൽ കുഴിയെടുത്തും ചെയ്തുതീർക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ സേവനം ഉൽപാദന മേഖലയിൽ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ തീരുമാനമില്ല. പ്രദേശികമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം നെൽക്കൃഷി മേഖലയിൽ ലഭിച്ചാൽ കർഷകർക്ക് ഏറെ പ്രയോജനകരമാവും. എന്നാൽ നടീൽ, കൊയ്ത്ത് സമയങ്ങളിൽ തൊഴിലുറപ്പ് പണികൾ സജീവമാണ്.

പനമരം മാത്തൂർ വയലിൽ ഞാർ പറിക്കുന്ന ബംഗാളി സ്വദേശികളായ തൊഴിലാളികൾ.
പനമരം മാത്തൂർ വയലിൽ ഞാർ പറിക്കുന്ന ബംഗാളി സ്വദേശികളായ തൊഴിലാളികൾ.

ബേജാർ വേണ്ട, ബംഗാളി ഭായ്ഹേ, നാ?
പനമരം ∙ തൊഴിലാളിക്ഷാമം മൂലം വയനാടൻ വയലേലകളിൽ കമ്പളനാട്ടിയുടെ ഈരടികൾക്കു പകരം ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി ഗാനങ്ങൾ. തദ്ദേശീയരായ തൊഴിലാളികളെ കിട്ടാതായതോടെ നാട്ടി നടത്താൻ കഴിയാതെ പാടങ്ങൾ തരിശിടേണ്ട അവസ്ഥയാണ് ജില്ലയിൽ പല കർഷകരും നേരിടുന്നത്. ഇതിനു പരിഹാരമായാണു വംഗനാട്ടിൽനിന്നു തൊഴിലാളികൾ നാട്ടി പണിക്കായി എത്തിയത്.  ഇവർക്ക് ഞാർ പറിച്ചുനടാൻ പ്രത്യേക താളവും വേഗവുമുണ്ട്. ഒരേക്കറിലേക്കുള്ള ഞാറ് പറിച്ചുനടുന്നതിനു 5000 രൂപയാണ് നൽകേണ്ടത്. രാവിലെ 6 മണിക്ക് പാടത്തിറങ്ങിയാൽ വൈകിട്ട് ആറര കഴിഞ്ഞേ കയറൂ. കുനിഞ്ഞു നിന്ന് ഞാറു പറിക്കുന്നതിന് പകരം വയലിൽ ഇരുന്നും മുട്ടുകുത്തിയും ഒരേസമയം രണ്ടുകൈ കൊണ്ടും വേഗത്തിലാണ് ഇവർ നാട്ടിക്കുള്ള ഞാർ പറിച്ചു കെട്ടുന്നത്. നാട്ടി മാത്രമല്ല നാട്ടിലെ എല്ലാ കൃഷിപ്പണിയും തങ്ങൾക്ക് അറിയാമെന്ന് ഇവർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com