കോളറ: പേർ 210 നിരീക്ഷണത്തിൽ
Mail This Article
ബത്തേരി∙ നൂൽപുഴ പഞ്ചായത്തിലെ തോട്ടാമൂല കുണ്ടാണംകുന്ന് ഊരിൽ കോളറ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ 210 പേരുടെ നിരീക്ഷണപ്പട്ടിക ആരോഗ്യവകുപ്പ് തയാറാക്കി. കുണ്ടാണംകുന്ന് നിവാസികൾക്ക് പുറമേ സമീപ ഊരുകളായ ലക്ഷംവീട്, തിരുവണ്ണൂർ എന്നിവിടങ്ങളിലുള്ളവരും പുൽപള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മാടപ്പറമ്പ് ഊര്, ചീരാൽ, അമ്പലക്കുന്ന് എന്നിവിടങ്ങളിലുള്ളവരും നിരീക്ഷണപ്പട്ടികയിലുണ്ട്. 2 പേർക്കുകൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി.
പുൽപള്ളി മാടപ്പറമ്പിൽ 10 പേരാണ് നിരീക്ഷണത്തിലുള്ളത്. കോളറ ബാധിച്ച് മരിച്ച ബിജിലയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരും കുണ്ടാണംകുന്ന് കോളനി സന്ദർശിച്ചവരുമാണ് ഇവരെല്ലാം. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് സ്ഥിതി വിലയിരുത്തുകയും വിവിധ മേഖലകളിലുള്ളവർ യോഗം ചേർന്ന് നടപടികൾക്ക് രൂപം നൽകുകയും ചെയ്തു.
കോളറ ലക്ഷണങ്ങളോടെ നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ 11 പേരാണ് കഴിയുന്നത്. ബിജിലയുടെ സംസ്കാര ചടങ്ങളിൽ പങ്കെടുക്കാൻ തിരുവണ്ണൂർ ഊരിൽ നിന്ന് 65 പേർ വന്നിരുന്നു. കൂടാതെ സമീപത്തെ 7 ഊരുകളിൽ നിന്നുള്ള ഒട്ടേറെ പേരും വന്നുപോയതായാണ് വിവരം. നൂൽപുഴ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ നിന്നുള്ളവരാണ് ഇവരെല്ലാം. ഇതിനു പുറമേയാണ് പഞ്ചായത്തിനു പുറത്തു നിന്നുള്ള 15 പേർ കൂടി നിരീക്ഷണപ്പട്ടികയിലുള്ളത്.
∙കച്ചവട സ്ഥാപനങ്ങൾക്ക് ജാഗ്രതാ നിർദേശം
പഞ്ചായത്തിന്റെ പരിധിയിലുള്ള വ്യാപാരി പ്രതിനിധികളുടെ യോഗം പഞ്ചായത്ത് ഓഫിസിൽ നടന്നു. ഭക്ഷണശാലകൾ മുഴുവൻ സമയത്തും അതീവ ശുചിത്വം പാലിക്കണമെന്നും ചൂടുള്ള ഭക്ഷണം മാത്രമേ നൽകാവൂ എന്നും നിർദേശം നൽകി. സ്ഥാപനങ്ങളുടെ പരിസരങ്ങൾ വൃത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. കല്ലൂർ, നായ്ക്കെട്ടി, മുത്തങ്ങ, മൂലങ്കാവ് ടൗണുകളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദേശമുണ്ട്. ഇവിടങ്ങളിൽ വ്യാപാരികൾ തന്നെ സാധനങ്ങളെല്ലാം എടുത്തു നൽകണമെന്നും ആളുകൾ സ്വയം എടുക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
∙34 പ്രമോട്ടർമാർക്കും പ്രത്യേക നിർദേശങ്ങൾ
പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 34 പ്രമോട്ടർമാരുടെയും പ്രത്യേക യോഗം ഇന്നലെ നടന്നു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. പുതിയ കേസുകൾ ഉണ്ടായാൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാനും ജാഗ്രത പുലർത്താനും പ്രമോട്ടർമാരോട് നിർദേശിച്ചു. 17 വാർഡുകളിലെയും ഊരുകൾ കേന്ദ്രീകരിച്ച് ആശാവർക്കർമാരെ ഉൾപ്പെടുത്തി കിണറുകളെല്ലാം ക്ലോറിനേഷൻ നടത്തും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകും.
∙17 വാർഡുകളിലും സാനിറ്റേഷൻ യോഗങ്ങൾ
പഞ്ചായത്ത് അംഗം ചെയർമാനായുള്ള സാനിറ്റേഷൻ കമ്മിറ്റി മുഴുവൻ വാർഡുകളിലും യോഗം ചേർന്നു. കുടുംബശ്രീ എഡിഎസുകളുടെ പ്രസിഡന്റ്, സെക്രട്ടറി, ആശാ വർക്കർ, ഊര് ആശമാർ, അങ്കണവാടി അധ്യാപകർ, ജെഎച്ച്ഐ, പ്രമോട്ടർ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. വേഗത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
∙ സൂപ്പർ ക്ലോറിനേഷനും പ്രതിരോധ മരുന്നും
നൂൽപുഴയിലെ മുഴുവൻ വാർഡുകളിലും ആവശ്യമായ ഇടങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ നടത്താനും പ്രതിരോധ മരുന്ന് വിതരണം ചെയ്യാനും തീരുമാനിച്ചു. ആഴ്ചയിൽ ഒരു തവണ 2 ഗുളിക ഒന്നിച്ചു കഴിക്കുന്ന വിധത്തിലാണ് മരുന്ന് നൽകുന്നത്. അലോപ്പതി, ആയുർവേദ, ഹോമിയോ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സംയുക്ത ഡോക്ടർമാരുടെ സംഘത്തെ സേവന സജ്ജമാക്കി. സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാരുടെ സഹകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. വെൽനെസ് സെന്ററുകൾ വഴിയും പ്രവർത്തനങ്ങൾ നടത്തും.
അതീവ ജാഗ്രത വേണം: ഡിഎംഒ
കൽപറ്റ ∙ നൂൽപുഴ പഞ്ചായത്തിൽ കോളറ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജല-ഭക്ഷ്യജന്യ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.ദിനീഷ്. പൊതുശുചിത്വ നിലവാരത്തിന്റെ കുറവാണു രോഗം വരാനുള്ള പ്രധാന കാരണം. വ്യക്തി - ശുദ്ധജല - ഭക്ഷണ - പരിസര ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ല. കുട്ടികൾ, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങൾ
കടുത്ത വയറിളക്കം, ഛർദി, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം. വിബ്രിയോ കോളറ ബാക്ടീരിയ കാരണമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കോളറ. ചികിത്സയ്ക്ക് ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ലഭ്യമാണ്. ചികിത്സിച്ചില്ലെങ്കിൽ അതിവേഗം രോഗം പടരും. രോഗലക്ഷണങ്ങൾ കുറഞ്ഞാലും ദിവസങ്ങളോളം രോഗം പകരാം. മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പടരുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസങ്ങൾക്ക് അകം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം. തീവ്രമായ വയറിളക്കമാണ് കോളറയുടെ മുഖ്യ ലക്ഷണം. ശരീരത്തിൽ നിന്നു ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ രോഗി ക്ഷീണിക്കും. രക്തസമ്മർദം കുറയുകയും. തലകറക്കം, ബോധക്ഷയം എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്ക് അകം അവശരാക്കുന്നതിനും മരണത്തിലേക്കു നയിക്കുന്നതിനും കോളറ കാരണമായേക്കാം.