മൂന്നുവയസ്സുകാരൻ അടക്കം ഉറങ്ങിക്കിടന്ന 5 പേരുടെ ദേഹത്തേക്ക് പുലർച്ചെ വീട് ഇടിഞ്ഞുവീണു
Mail This Article
ബത്തേരി∙ മൂന്നുവയസ്സുകാരൻ അടക്കം ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് അർധരാത്രിയിൽ വീട് തകർന്നു വീണു. നാട്ടുകാരുടെ സഹായത്തോടെ 5 പേരെയും പരുക്കുകളോടെ രക്ഷപ്പെടുത്തി. നെൻമേനി പഞ്ചായത്തിലെ റഹ്മത്ത് നഗറിൽ ഇന്നലെ പുലർച്ചെ ഒന്നിന് മുൻപാണ് സംഭവം.മനയ്ക്കത്തൊടി ആബിദയുടെ പേരിലുള്ള വീടാണ് തകർന്നത്. ആബിദയുടെ ഭർതൃസഹോദരി ജംഷീനയും കുടുംബവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജംഷീന(38), മക്കളായ മുഹമ്മദ് ഐസാൻ(3), റാമിസ് (18), മാതാവ് റാബിയ (60), ബന്ധു റൗഫ് (20) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാബിയയ്ക്ക് മാത്രമാണ് സാരമായ പരുക്കുള്ളത്.വീടിന്റെ പകുതി ഭാഗമാണ് മേൽക്കൂരയും ഭിത്തികളുമടക്കം നിലംപൊത്തിയത്.
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ചിതറി വീണ പച്ചമൺ കട്ടകൾക്കും മേൽക്കൂരയ്ക്കുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു 5 പേരും. നാട്ടുകാരുടെ വേഗത്തിലുള്ള പ്രവർത്തനം അപകടത്തിൽ പെട്ടവർക്ക് രക്ഷയായി. അഗ്നിരക്ഷാസേനയും പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വീടിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് നിഗമനം. വീട് നഷ്ടമായ കുടുംബത്തെ അടിയന്തരമായി വാടക വീട്ടിലേക്ക് മാറ്റാൻ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ പറഞ്ഞു. ആബിദയ്ക്ക് വീടു നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ പറഞ്ഞു.