നൂൽപ്പുഴ പഞ്ചായത്തിൽ രണ്ടുപേർക്കു കൂടി കോളറ സ്ഥിരീകരിച്ചു; രോഗത്തിന്റെ ഉറവിടം തേടി ആരോഗ്യവകുപ്പ്
Mail This Article
ബത്തേരി∙ കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച സാംപിളുകളുടെ ഫലം പുറത്തുവന്നപ്പോളാണു രണ്ടുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. അതേസമയം രോഗ ലക്ഷണങ്ങളോടെ രണ്ടുപേർ കൂടി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനാറായി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ജലസ്രേതസ്സുകളിൽ സൂപ്പർ ക്ലോറിനേഷനും ഊരുകളിൽ വിവരശേഖരണവുമാണ് നടക്കുന്നത്.
കോളറ: ഉറവിടം തേടി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനങ്ങളുമായി 50 അംഗ സംഘം
ബത്തേരി∙ കോളറയുടെ ഉറവിടം തേടി ഊർജിത പരിശോധനയിലാണ് ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ ആദ്യം പ്രകടമാക്കിയ യുവാവുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം നടത്തുന്നത്. യുവാവിന്റെ ബന്ധു, ബേഗൂരിൽ നിന്ന് കുണ്ടാണംകുന്ന് ഊരിലെത്തിയ ആൾക്കും രോഗലക്ഷണങ്ങളുണ്ട്. അതിനാൽ ബേഗൂർ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഒഡീഷയിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുമായും രോഗലക്ഷണങ്ങളുള്ളവർക്ക് സൗഹൃദമുണ്ട്. അതിനാൽ ആ സാധ്യതയും പരിശോധിക്കും.
5 ഇടങ്ങളിൽ നിന്നുള്ള വെളളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിനൊപ്പം രോഗ ലക്ഷണങ്ങളില്ലാത്ത രണ്ടു പേരുടെ സ്വാബും പരിശോധനയ്ക്കയച്ചു. ലക്ഷണങ്ങളില്ലാത്ത ഇരുനൂറോളം പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. റിസോർട്ടുകളിൽ എത്തിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നിരീക്ഷണത്തിലുണ്ട്. നൂൽപുഴ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിനും ആശാവർക്കർമാർക്കുമൊപ്പം ഡോക്ടർമാരും പഞ്ചായത്തിന് അകത്തും പുറത്തുമുള്ള മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് 50 പേരുടെ സംഘമാണ് ഇന്ന് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തിയത്.
ഹോട്ടലുകാർക്ക് ക്ലാസ് നൽകി
ഭക്ഷണശാലാ പ്രവർത്തകർക്കും ഭക്ഷ്യോൽപാദന കേന്ദ്രങ്ങളിലുള്ളവർക്കും കല്ലൂർ ടൗണിൽ വച്ച് ക്ലാസ് നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ പറഞ്ഞു. ആരോഗ്യവകുപ്പ് നൽകുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദേശവും നൽകി.