ADVERTISEMENT

ഗൂഡല്ലൂർ ∙ വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും ഉൽപാദനക്കുറവും മൂലം ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടങ്ങളിൽ കാട്ടാനകൾ താവളമടിക്കുന്നു.  ദേവർഷോല പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കാട്ടാന ശല്യം. ഇവിടെയുള്ള തേയിലത്തോട്ടങ്ങളിൽ താവളമടിക്കുന്ന കാട്ടാനകൾ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങി വൻ നാശനഷ്ടങ്ങളുണ്ടാക്കുന്നു. വളർന്നു നിൽക്കുന്ന തേയിലത്തോട്ടങ്ങളിൽ കാട്ടാനകൾ നിന്നാൽ അറിയാത്ത വിധത്തിലായി. ഒരുമാസം മുൻപ് കാട്ടാന ശല്യം രൂക്ഷമായതോടെ ഈ പ്രദേശത്തെ തേയിലത്തോട്ടങ്ങൾ കാട് വെട്ടി വൃത്തിയാക്കണമെന്ന് അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. 

മിക്ക തോട്ടങ്ങളും വലിയ പ്രതിസന്ധിയിലായതോടെ തോട്ടങ്ങളുടെ സംരക്ഷണവും അധിക ബാധ്യതയാകുകയാണ്. നഷ്ടം രൂക്ഷമായതോടെ തോട്ടങ്ങളുടെ തേയില ഫാക്ടറികളും അടച്ചുപൂട്ടി. തേയിലയ്ക്കു വില വർധന ഉണ്ടായാൽ മാത്രമേ തോട്ടങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. ചെറുകിട തേയില കർഷകർക്കു പോലും തോട്ടങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത വിധത്തിലായി മാറി.  മുൻപില്ലാത്ത വിധത്തിലാണ് തോട്ടങ്ങളിൽ കളകൾ കയറുന്നത്. കള നിയന്ത്രണം വലിയ ബാധ്യതയായി മാറി. 

മഴക്കാലത്തും വേനൽക്കാലത്തും ഒരു പോലെ ഉൽപാദനം കുറയുകയാണ്.  തളിരിലകളിൽ കടന്നു കൂടുന്ന കുമിൾ രോഗവും വ്യാപകമായി. കുമിൾനാശിനികൾക്കു വില വർധിക്കുകയും ചെയ്തു. കുമിൾ രോഗം കയറി ഇലകൾ നശിക്കുന്നതോടെ ഇത് വെട്ടിമാറ്റുന്നതിനായി കർഷകർ കൂടുതൽ തുക കണ്ടെത്തണം. തേയില വില തകർച്ചയിലും ചെറുകിട തേയിലത്തോട്ടങ്ങൾ ഒരു പരിധി വരെ കർഷകർ സംരക്ഷിച്ചിരുന്നു. ഇന്ന് കർഷകർക്ക് ഇതും അധിക ബാധ്യതയായി മാറിയതോടെ ചെറുകിട തേയിലത്തോട്ടങ്ങൾ പൂർണമായും മറ്റ് കൃഷിയിലേക്ക് മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com