ADVERTISEMENT

പുൽപള്ളി ∙ കബനിയിലെ വെള്ളമെടുത്ത് ജലസേചനം നടത്താൻ നി‍ർമിച്ച അൻപതുവയൽ പദ്ധതി നോക്കുകുത്തിയായി. ഓഗസ്റ്റ് ആദ്യവാരം വകുപ്പുമന്ത്രി ഉദ്ഘാടന തീയതി കുറിച്ചുനൽകിയ പദ്ധതിയാണിത്. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഉദ്ഘാടനം നടന്നില്ല.  പദ്ധതി പ്രവർത്തനക്ഷമമാക്കാൻ ഇനിയും തടസ്സങ്ങളുണ്ടെന്നും പറയുന്നു. കടുത്ത വരൾച്ച നേരിടുന്ന കർണാടകാതിർത്തിയിലെ അൻപത് വയൽ പ്രദേശത്ത് ജലസേചനം നടത്താനാണ് 3 കോടി ചെലവിൽ പദ്ധതി നിർമിച്ചത്. 

പമ്പ് ഹൗസ്, പൈപ്പിടൽ, കനാൽ തുടങ്ങിയ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ചു. പമ്പ്ഹൗസിലേക്ക് വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ കാലതാമസമുണ്ടായി. ഇതിനാവശ്യമായ തുക കെഎസ്ഇബിയിൽ അടയ്ക്കാൻ വൈകിയതാണു കാരണം. കർഷക പ്രതിഷേധത്തെ തുടർന്നാണ് പിന്നീട് തുകയടച്ചത്. പുഴയോരത്ത് വലിയ ട്രാൻസ്ഫോമർ, പമ്പ്ഹൗസിൽ 3 മോട്ടറുകൾ എന്നിവ സ്ഥാപിക്കുകയും വയറിങ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടും കാലമേറെയായി. കാൽലക്ഷം രൂപകൂടി അടയ്ക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം പരിഹരിക്കാൻ 6 മാസം താമസമെടുത്തു.

കർഷകർ പിരിവെടുത്ത് തുകയടയ്ക്കുമെന്നായപ്പോഴാണ് അതിനു തീരുമാനമുണ്ടായത്. കെഎസ്ഇബിയിലെ ഉന്നതതല പരിശോധന പൂർത്തീകരിച്ച് അനുമതി നൽകേണ്ട താമസമേ ഇനിയുള്ളൂ. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാവട്ടെ, പുഴക്കരയിലെ പമ്പ്ഹൗസിലെത്താനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞുമടങ്ങി.പദ്ധതി നിർമാണം ആരംഭിച്ചശേഷം കർഷകർക്ക് 3 തവണ കൃഷിമുടങ്ങി. ഇക്കൊല്ലം ഇതുവരെ ജലക്ഷാമം ഉണ്ടായില്ല. ഭൂരിഭാഗം പേരും നെല്ലുനട്ടു. കിട്ടിയ വെള്ളത്തിൽ നട്ടവർ ആശങ്കയിലാണ്. ഒരാഴ്ചയായി  മഴയില്ല. രണ്ടാഴ്ച മഴ കിട്ടാതായാൽ നട്ടതും കരിയും. കഴിഞ്ഞവർഷം പലരും വിത്തിട്ടെങ്കിലും നടാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com