ADVERTISEMENT

കൽപറ്റ ∙ ‌ഉരുൾ ബാക്കിയാക്കിയ നോവോർമകളെല്ലാം ഉള്ളിലൊതുക്കി അവർ ഇന്നു വീണ്ടും ക്ലാസ്മുറികളിലേക്കെത്തുകയാണ്. സങ്കടങ്ങളും സന്തോഷങ്ങളും പങ്കിട്ടവരിൽ പലരും ഇനിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് അതിജീവനത്തിന്റെ പുതിയ പാഠങ്ങളിലൂടെ അവർ ഇനി സങ്കടവഴികൾ താണ്ടും. ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവം ഇന്ന് രാവിലെ 10 ന് മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

വെള്ളാർമല ജിവിഎച്ച്എസ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ഗവ. എൽപി സ്കൂൾ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുക. വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് അധിക സൗകര്യം ഒരുക്കിയത്. മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിക്കും. ഉരുൾപൊട്ടലിൽ നഷ്ടമായ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. പാഠപുസ്തകങ്ങൾ മന്ത്രി കെ.രാജൻ വിതരണം ചെയ്യും. പഠനോപകരണങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിതരണം ചെയ്യും. 

യൂണിഫോം വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ഐടി ഉപകരണങ്ങൾ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും സ്‌കൂൾ ഗ്രാന്റ് വിതരണം ടി. സിദ്ദീഖ് എംഎൽഎയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് യാത്രാപാസ് വിതരണം ചെയ്യും. നഴ്സറി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ കലക്ടർ ഡി.ആർ.മേഘശ്രീ വിതരണം ചെയ്യും.

എല്ലാം സ്കൂളിലുണ്ട്
മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം പുനഃപ്രവേശനോത്സവം നടക്കുന്ന മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ടിഫിൻ ബോക്സ്, വാട്ടർബോട്ടിൽ, പേന, പെൻസിൽ തുടങ്ങിയ പഠന സാമഗ്രികൾ ഉൾപ്പെടുന്ന ബാഗുകൾ അതത് ക്ലാസ്മുറികളിലെ ഡെസ്ക്കുകളിൽ ഒരുക്കിയിട്ടുണ്ട്.

ഒരുക്കങ്ങൾ വേഗത്തിൽ
മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ അധ്യയനം പുനരാരംഭിക്കുന്നതിനായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും പഞ്ചായത്ത് എപിജെ ഹാളിലും ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനായി. കഴിഞ്ഞ 28നു ഇൗ 2 ഇടങ്ങളിലും ശുചീകരണവും ക്ലാസ് മുറികൾ തിരിക്കലും പെയിന്റിങ് ജോലികളും പൂർത്തിയാക്കി. ഇന്നലെ വൈകിട്ടും ജില്ലാ പഞ്ചായത്ത് അധികൃതരും അധ്യാപകരും രക്ഷിതാക്കളും കൊടിതോരണങ്ങൾ മറ്റുമായി സ്കൂൾ അലങ്കരിക്കുന്നതിന്റെ തിരക്കിലായിരുന്നു.

സ്റ്റുഡന്റ്സ് ഓൺലി ബസ്
ചൂരൽമലയിൽ നിന്നു സ്‌കൂളിലേക്കു കുട്ടികളെ കൊണ്ടു വരുന്നതിനു 3 കെഎസ്ആർടിസി ബസുകൾ 'സ്റ്റുഡന്റ്സ് ഒൺലി' സർവീസുകൾ നടത്തും. മറ്റു സ്ഥലങ്ങളിൽ നിന്നു കുട്ടികൾക്ക് വരുന്നതിന് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com