ADVERTISEMENT

മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇന്നലെകളിൽനിന്ന് അതിജീവനത്തിന്റെ സന്ദേശവുമായി വീണ്ടും അവർ ഒത്തുചേർന്നു. നാടിന്റെ സ്വന്തം കുരുന്നുകളെ ചേർത്തുപിടിച്ച് മേപ്പാടിയിൽ നടന്ന പുനഃപ്രവേശനോത്സവം നാടിനു നൽകിയതു പുനർജനിയുടെ കരുത്ത്. മുണ്ടക്കൈ, ചൂരൽമല ദുരന്തമേഖലകളിൽ നിന്നുമുള്ള 607 കുട്ടികൾക്കാണ് മേപ്പാടിയിൽ അതിവേഗം ക്ലാസ് മുറികൾ ഒരുങ്ങിയത്. മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ 61 കുട്ടികളും വെള്ളാർമല ജിവിഎച്ച്എസ്എസിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ പുതിയ ക്ലാസ് മുറികളിൽ പഠനം തുടരുക. ഇവർക്കായി മേപ്പാടി പഞ്ചായത്ത് എപിജെ ഹാളിലും മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളുകളിലുമാണ് ക്ലാസ് മുറികൾ തുറന്നത്. ദുരന്ത മേഖലയിലെ കുട്ടികളുടെ പഠനത്തിന് അതിവേഗം തയാറായ ബദൽ സംവിധാനവും പുനഃപ്രവേശനോത്സവവും നാടും ഏറ്റെടുത്തു.

പുനഃപ്രവേശനോത്സവം മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.ശിവൻകുട്ടി ഭദ്രദീപം തെളിക്കാനെത്തിയ വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ലീഡർ പി.പി.ആദിത്യയെ ലാളിക്കുന്നു. ചിത്രം: മനോരമ
പുനഃപ്രവേശനോത്സവം മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.ശിവൻകുട്ടി ഭദ്രദീപം തെളിക്കാനെത്തിയ വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ലീഡർ പി.പി.ആദിത്യയെ ലാളിക്കുന്നു. ചിത്രം: മനോരമ

പുതിയ യാത്രപുതിയ പ്രതീക്ഷകൾ
ഉരുളെടുത്ത നാടിന്റെ നൊമ്പരങ്ങളെല്ലാം മറന്ന് പുതിയ പുലരികളിലേക്കുള്ള അവരുടെ യാത്രയും വേറിട്ടതായി. ചൂരൽമലയിൽനിന്ന് 3 കെഎസ്ആർടിസി ബസുകളിലായിരുന്നു കുട്ടികളുടെ മേപ്പാടിയിലെ പുതിയ വിദ്യാലയത്തിലേക്കുള്ള യാത്ര. ടി. സിദ്ദീഖ് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സംഷാദ് മരക്കാറും അടക്കമുള്ള ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം പങ്കുചേർന്ന അവരുടെ സ്‌കൂളിലേക്കുള്ള ആദ്യ ദിവസത്തെ യാത്രയും അവിസ്മരണീയമായി.

പുനഃപ്രവേശനോത്സവം നടന്ന മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെത്തിയ കുട്ടികളെ ആശ്ലേഷിക്കുന്ന മന്ത്രി വി.ശിവൻകുട്ടി. ചിത്രം: മനോരമ
പുനഃപ്രവേശനോത്സവം നടന്ന മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെത്തിയ കുട്ടികളെ ആശ്ലേഷിക്കുന്ന മന്ത്രി വി.ശിവൻകുട്ടി. ചിത്രം: മനോരമ

യാത്രക്കിടയിൽ നാടൻ പാട്ടിന്റെ ഈണത്തിൽ വെള്ളാർമലയിലെ മുതിർന്ന കുട്ടികൾക്കൊപ്പം മുണ്ടക്കൈയിലെ കുഞ്ഞുകൂട്ടുകാരും താളംപിടിച്ചു. തേയിലത്തോട്ടങ്ങളെ പിന്നിട്ട് ബസുകൾ മേപ്പാടിയിലെത്തുമ്പോൾ ഇവരെയെല്ലാം മധുരം നൽകി സ്വീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടിയും മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ഒ.ആർ കേളുവും ജനപ്രതിനിധികളും നാടും ഒന്നാകെ അവിടെയുണ്ടായിരുന്നു. പുതിയ കൂട്ടുകാരെ ബാൻഡ് മേളത്തിന്റെ അകമ്പടിയിലാണു വിദ്യാലയത്തിലേക്ക് ആനയിച്ചത്. ആശങ്കകളും വേർതിരിവുകളുമില്ലാതെ കുട്ടികളെല്ലാം അപരിചിതത്വത്തിന്റെ മതിൽകെട്ടുകളില്ലാത്ത പുതിയ ക്ലാസ്മുറികളിലും ഒത്തുചേർന്നു.

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ ഗവ എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവത്തിന് മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ കുട്ടികൾ. ചിത്രം: മനോരമ
ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ ഗവ എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവത്തിന് മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ കുട്ടികൾ. ചിത്രം: മനോരമ

പൂക്കൾ പൂമ്പാറ്റകൾപുതിയ വിദ്യാലയം
പൂക്കളും പൂമ്പാറ്റയും വർണത്തുമ്പികളുമെല്ലാമുള്ള വിദ്യാലയമായി മുണ്ടക്കൈ ജിഎൽപി സ്‌കൂളിനെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് മേപ്പാടി കമ്യൂണിറ്റി ഹാളിൽ പുനസൃഷ്ടിച്ചത്. എൽകെജി മുതൽ നാലാംക്ലാസ് വരെയുള്ള താൽക്കാലിക വിദ്യാലയത്തിൽ അധ്യാപകരെല്ലാം മറ്റൊരു പ്രവേശനോത്സവത്തിനായി ദിവസങ്ങൾക്ക് മുൻപേ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകർ ദുരന്തത്തിന്റെ മുറിവുകളെയെല്ലാം അതിജീവിച്ച നാടിന്റെ കരുത്തായി മാറി. ഒരു രാത്രികൊണ്ട് ദുരന്തം മായ്ച്ചുകളഞ്ഞ നാട്ടിലെ പലരെയും കാണാനില്ലാത്തതിന്റെ സങ്കടങ്ങളെല്ലാം ഒതുക്കി കുട്ടികളെയെല്ലാം ഇവർ ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചു.ചില രക്ഷിതാക്കളും അധ്യാപകരും നൊമ്പരം പിടിച്ചുനിർത്താനാകാതെ കെട്ടിപ്പിടിച്ചു കരഞ്ഞു.


മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് കെഎസ്ആർടിസി ബസിൽ വരുന്നു.
മുണ്ടക്കൈ ഗവ. എൽപി സ്കൂൾ, ചൂരൽമല വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലേക്ക് കെഎസ്ആർടിസി ബസിൽ വരുന്നു.

സ്‌ക്രീൻ കൊണ്ട് വേർതിരിച്ച ക്ലാസ്മുറികൾക്കരികിലായി പ്ലേ സ്‌കൂളും സജ്ജീകരിച്ചിരുന്നു. കളിപ്പാട്ടങ്ങളും സൈക്കിളുകളും എല്ലാമായി മുണ്ടക്കൈയിലെ പഴയ വിദ്യാലയം തന്നെയാണ് ഇവിടെ പുനക്രമീകരിച്ചത്. മുണ്ടക്കൈ സ്കൂളിൽ അവശേഷിച്ച ബെഞ്ചും ഡെസ്കുമെല്ലാം ഇവിടെയെത്തിച്ചിരുന്നു. ദുരന്ത ഭീകരതകൾക്കപ്പുറം പതിനൊന്ന് കൂട്ടുകാർ ഒഴികെ കൂടെയുള്ളവരെയെല്ലാം ഇവിടെയുണ്ട്.  എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെയും ആശ്വാസത്തിലായിരുന്നു ഈ കുരുന്നുകളെല്ലാം. അഞ്ചുമുതൽ ഹയർ സെക്കൻഡറി വരെയുളള ക്ലാസുകൾ മേപ്പാടി ഗവ.ഹയർസെക്കൻഡറിയുടെ ഒരു ഭാഗത്തായാണ് സജ്ജീകരിച്ചത്.

പുനഃപ്രവേശനോത്സവം നടന്ന മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂൾ ഐഡി കാർഡ് നോക്കുന്നു. 
ചിത്രം: മനോരമ
പുനഃപ്രവേശനോത്സവം നടന്ന മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂൾ ഐഡി കാർഡ് നോക്കുന്നു. ചിത്രം: മനോരമ

കൂടെയുണ്ട്, പഠിച്ചു മുന്നേറാം
ദുരന്തങ്ങളെല്ലാം വലിയ നഷ്ടങ്ങളുടെതാണ്. ഇതിനെ മറികടക്കാൻ അതിജീവനം കൂടിയേ തീരു.. പഠിച്ച് മുന്നേറണം, ഇതിനായി സർക്കാരും നാടും എന്നും ഒപ്പമുണ്ടാകും. കുട്ടികളോടായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി ക്ലാസ്സുകൾ വരെ പഠിക്കുന്ന വിദ്യാർഥികളെ നേരിട്ട് കണ്ടാണ് മന്ത്രി സംസാരിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രനും കുട്ടികളെ നേരിൽ കണ്ട് വിവരങ്ങൾ ആരാഞ്ഞു. പഠനത്തിൽ നല്ലപോലെ ശ്രദ്ധിക്കണം. എന്ത് പ്രതിസന്ധികളുണ്ടെങ്കിലും അറിയിക്കാം. കുട്ടികളെ പഠന പ്രവർത്തനങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കുക.

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പുനഃപ്രവേശനോത്സവത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ആദിവാസി നൃത്തം. ചിത്രം: മനോരമ
മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പുനഃപ്രവേശനോത്സവത്തിൽ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ആദിവാസി നൃത്തം. ചിത്രം: മനോരമ

വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിലെ കുട്ടികൾക്ക് ആവശ്യമായ പിന്തുണ, സാമഗ്രികൾ, ക്യാംപുകൾ, ചെറുയാത്രകൾ, ശിൽപശാലകൾ, ചർച്ചാ വേദികൾ തുടങ്ങി ജനാധിപത്യ വിദ്യാഭ്യാസ രീതികളിലൂടെ നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ വീണ്ടെടുത്ത് പഠന വിടവ് പരിഹരിക്കും. അധ്യാപകർക്കും അധികൃതർക്കുമെല്ലാം നിർദേശങ്ങൾ നൽകിയാണ് മന്ത്രിമാരും ജനപ്രതിനിധികളും മടങ്ങിയത്. പുനഃ പ്രവേശനോത്സവത്തിന്റെ ആദ്യദിനം കുട്ടികൾക്കായി കലാപരിപാടികളും അരങ്ങേറിയിരുന്നു.

പ്രിയ അധ്യാപകരെതിരിച്ചെത്തിക്കും
വിദ്യാർഥികളുടെ ഇഷ്ട അധ്യാപകരെ മുണ്ടക്കൈ സ്കൂളിലേക്കു തിരിച്ചെത്തിക്കാൻ നടപടിയെടുത്തു വിദ്യാഭ്യാസ വകുപ്പ്. മുണ്ടക്കൈ ജിഎൽപി സ്കൂളിൽനിന്നു മേപ്പാടി ജിവിഎച്ച്എസ്എസിലേക്കു സ്ഥലംമാറ്റം കിട്ടിയ കെ.അശ്വതി, മീനങ്ങാടി ജിവിഎച്ച്എസ്എസിലേക്കു സ്ഥലംമാറ്റിയ ശാലിനി തങ്കച്ചൻ എന്നിവരെയാണു തിരിച്ചെത്തിക്കുക. കുട്ടികളുടെയും രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണു തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി പുനഃപ്രവേശനോത്സവച്ചടങ്ങിൽ പ്രഖ്യാപിച്ചു.

മുണ്ടക്കൈ സ്കൂളിൽ വിദ്യാർഥികളെപ്പോലെ യൂണിഫോം ഇട്ടുവന്ന് സൈക്കിൾ ചവിട്ടുന്ന ശാലിനിയുടെ വിഡിയോ നേരത്തേ വൈറലായിരുന്നു. നിലവിൽ മുണ്ടക്കൈ സ്കൂൾ പ്രവർത്തിക്കുന്ന എപിജെ കമ്യൂണിറ്റി ഹാളിനടുത്തു തന്നെയാണു മേപ്പാടി സ്കൂൾ. ഈ സ്കൂളിൽനിന്നാണ് അശ്വതി ടീച്ചർ മുണ്ടക്കൈ സ്കൂളിലെ രക്ഷിതാക്കളെ ബന്ധപ്പെട്ട് ബദ്രിനാഥിന്റെ ക്ലാസിലേക്ക് പഴയ കൂട്ടുകാരെ എത്തിച്ചത്.

വെള്ളാർമല–മുണ്ടക്കൈ സ്‌കൂളുകൾപുനർനിർമിക്കും: മന്ത്രി ശിവൻകുട്ടി
ആധുനിക സൗകര്യങ്ങളോടെ വെള്ളാർമല–മുണ്ടക്കൈ സ്‌കൂളുകൾ പുനർനിർമിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്‌കൂൾ കെട്ടിടങ്ങളും കളിസ്ഥലങ്ങളും ദുരിതാശ്വാസ പാക്കേജിലുൾപ്പെടുത്തി വീണ്ടെടുക്കും. നഷ്ടപ്പെട്ട പഠന ദിനങ്ങൾ അധികസമയ പഠനത്തിലൂടെ പരിഹരിക്കും. ദുരന്തമുഖത്ത് പകച്ചുപോയ കുഞ്ഞുങ്ങൾക്ക് പിന്തുണ നൽകാൻ സൈക്കോ സോഷ്യൽ സേവനം ഉറപ്പാക്കും. വിദ്യാർഥികൾക്ക് മെന്ററിങ് സൗകര്യവും ഏർപ്പെടുത്തും. 

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധിക സൗകര്യത്തിനായി ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നിർമിക്കുന്ന 12 ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, ടി. സിദ്ദീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com