വിളമ്പുകണ്ടത്തിൽ ചെണ്ടുമല്ലി പാടമൊരുക്കി യുവ കർഷകർ
Mail This Article
വിളമ്പുകണ്ടം ∙ വയൽ നാടായ വയനാട്ടിലും ചെണ്ടുമല്ലി കൃഷി വിജയിക്കുമെന്ന് തെളിയിക്കുകയാണ് യുവ കർഷക കൂട്ടായ്മ. വിളമ്പുകണ്ടത്തെ രണ്ടര ഏക്കറിലാണ് ചെണ്ടുമല്ലി നൂറുമേനി വിളയിച്ചത്. ചെണ്ടുമല്ലി കൂടാതെ വാടാർമല്ലിയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായ തോണിച്ചാലിലെ സി. അഖിൽ പ്രേം, എം.പി.ധനിൽ കുമാർ, ടി.എൻ.പ്രശാന്ത്, കെ.ജെ.ജയ്സൺ എന്നിവരാണ് പരീക്ഷണ അടിസ്ഥാനത്തിൽ പൂവ് കൃഷി ചെയ്തത്. ഗുണ്ടൽപേട്ടയിൽ നിന്ന് ഹൈ ബ്രീഡ് തൈകൾ എത്തിച്ചാണ് കൃഷി ഇറക്കിയത്. 1.5 ലക്ഷത്തിലേറെ രൂപ ചെലവ് വന്നു.
രണ്ടര ഏക്കറിൽ പൂത്തുലഞ്ഞ് കിടക്കുന്ന ചെണ്ടുമല്ലിയും വാടാർമല്ലിയും കാണാൻ ഒട്ടേറെ പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ചെണ്ടുമല്ലിപാടത്തിന് നടുവിൽ നിന്ന് ഫോട്ടോയും എടുത്താണ് സഞ്ചാരികൾ മടങ്ങുന്നത്. ഓണവിപണി മുന്നിൽ കണ്ടാണ് കൃഷി ഇറക്കിയത്. എന്നാൽ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയത് ഇവരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ചെണ്ടുമല്ലി വിളവെടുപ്പിന് ശേഷം ഇവിടെ തണ്ണിമത്തൻ അടക്കമുള്ള വിളകൾ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് യുവ കർഷകരുടെ കൂട്ടായ്മ.