പീസ് വില്ലേജ് റോഡിൽ അശാന്തി; റോഡ് തകർന്ന് 15 വീട്ടുകാർ ഒറ്റപ്പെട്ടിട്ട് ഒന്നരമാസം
Mail This Article
പിണങ്ങോട് ∙ റോഡ് തകർന്ന് ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായിട്ട് ഒന്നര മാസമായിട്ടും പുനർനിർമാണ നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. പുഴയ്ക്കൽ–പീസ് വില്ലേജ് റോഡാണു കനത്ത മഴയെ തുടർന്ന് അരിക് ഇടിഞ്ഞ് തകർന്നത്. 15 വീടുകളിലായി കഴിയുന്ന കുടുംബങ്ങൾക്ക് പുറം ലോകത്ത് എത്താനുള്ള ഏക മാർഗമാണിത്.റോഡ് പൂർണമായും പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നതോടെ കാൽനട യാത്ര പോലും ഇവിടെ സാധ്യമല്ലാതായി.നിലവിൽ വ്യക്തിയുടെ സ്ഥലത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് ഇവിടത്തുകാർ യാത്ര ചെയ്യുന്നത്.റോഡ് തകരുന്നതിനു മുൻപ് വീടുകളിൽ നിർത്തിയിട്ട വാഹനങ്ങൾ പുറത്തേക്ക് എത്തിക്കാനാകാത്ത അവസ്ഥയുമായി. പ്രദേശത്തുള്ള കിടപ്പു രോഗി അടക്കമുള്ള ആളുകൾക്ക് ആവശ്യമായ ചികിത്സ എത്തിക്കാനും കഴിയാതെ വൻ ദുരിതം അനുഭവിക്കുകയാണ്.
റോഡ് ഇടിഞ്ഞതിനു സമീപത്തെ 2 വീടുകൾ വൻ അപകട ഭീഷണിയിലും ആയിട്ടുണ്ട്. ഏതു നേരവും പുഴയിലേക്ക് പതിക്കുന്ന അവസ്ഥയിലാണ് ഇവ. ഏറെ നാളത്തെ ശ്രമഫലമായി കോൺക്രീറ്റ് ചെയ്തു കിട്ടിയ റോഡ് തകർന്നത് പ്രദേശവാസികളെ ഏറെ നിരാശയിലാക്കിയിട്ടുണ്ട്. പുഴ വക്കിൽ ആയതിനാൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറിയതിനാൽ ഈ റോഡിന്റെ പുനർനിർമാണം അസാധ്യമാണ്.അതിനാൽ ബദൽ സംവിധാനം മാത്രമാണ് ആശ്രയം എന്നതിനാൽ അതിന് ആവശ്യമായ സ്ഥലം കണ്ടെത്തണം. ആവശ്യമായ ഭൂമി വിട്ടുനൽകാൻ ഉടമകൾ തയാറായിട്ടുമുണ്ട്.റോഡിന് കണ്ടെത്തിയ സ്ഥലത്തിനു കുറുകെ ചെറിയ പാലം നിർമിക്കണം. ഇത്തരം കാര്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് അധികൃതർ റവന്യു വിഭാഗം, എംഎൽഎ എന്നിവരെ സമീപിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്.