കടയുടമയെ കുടുക്കാൻ വ്യാപാര സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവച്ച കേസ്: ഒരാൾ അറസ്റ്റിൽ
Mail This Article
മാനന്തവാടി∙ കടയുടമയെ കുടുക്കാൻ വ്യാപാര സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ ജിൻസ് വർഗീസ് (38) ആണ് അറസ്റ്റിലായത്. കടയുടമ പി.എ.നൗഫലിനെ കേസിൽ കുടുക്കാൻ പിതാവ് അബൂബക്കറിന്റെ നേതൃത്തിലാണ് കഞ്ചാവ് കടയിൽ കൊണ്ടുവച്ചതെന്ന് എക്സൈസ് കണ്ടെത്തി.
മാനന്തവാടി ടൗണിലെ പിഎ ബനാന എന്ന സ്ഥാപനത്തിൽ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച 2.095 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ കഞ്ചാവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കാൻ ആരോ ചെയ്തതാണെന്നും നൗഫൽ എക്സൈസിനെ അറിയിച്ചു. തുടർന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ചപ്പോൾ മറ്റാരോ ആണ് കഞ്ചാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ നൗഫലിന് ജാമ്യം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിൻസ് വർഗീസ് പിടിയിലായത്. നൗഫലിന്റെ പിതാവ് അബൂബക്കറിന് കുടുംബപരമായ പ്രശ്നങ്ങളിൽ നൗഫലിനോട് വൈരാഗ്യമുള്ളതിനാൽ കേസിൽ കുടുക്കാനാണ് കഞ്ചാവ് വച്ചതെന്ന് ജിൻസ് മൊഴി നൽകി. അബൂബക്കറിന്റെ സുഹൃത്ത് ഔത (അബ്ദുല്ല), ഇതര സംസ്ഥാന തൊഴിലാളിയായ ഒരാൾ എന്നിവർക്കും കൃത്യത്തിൽ പങ്കുണ്ട്. ജിൻസിന്റെ ഓട്ടോറിക്ഷയിലാണ് കഞ്ചാവ് കൊണ്ടുവന്ന് കടയിൽ വച്ചത്. കോടതിയിൽ ഹാജരാക്കിയ ജിൻസിനെ റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.