രക്ഷാപ്രവർത്തകർക്ക് ആദരമായി നബിദിനാഘോഷ വേദി
Mail This Article
വാളാട് ∙ പുത്തൂർ ജുമാ മസ്ജിദിൽ ഇന്ന് നടക്കുന്ന നബിദിന ആഘോഷത്തിനായി ഒരുക്കിയ വേദി മുണ്ടക്കൈ രക്ഷാ പ്രവർത്തകർക്കുള്ള ആദരവിന്റെ വേദിയായി മാറും. സ്നേഹത്തിന്റെയും പ്രത്യാശയുടെയും ചേർത്തു നിർത്തലിന്റെയും ഒത്തുചേരലാണ് ഓരോ ആഘോഷങ്ങളും എന്ന് വ്യക്തമാക്കുകയാണ് രക്ഷാപ്രവർത്തകരുടെ ഉപകരണങ്ങളും വിവിധ സന്നദ്ധ വിഭാഗങ്ങളുടെ ടീ ഷർട്ടുകളും നിറഞ്ഞ വേദി.
അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച ചൂരൽമല മുണ്ടക്കൈ പ്രദേശത്തേക്ക് വാളാട് പ്രദേശത്ത് നിന്ന് ഒട്ടേറെ രക്ഷാ പ്രവർത്തകർ എത്തിയിരുന്നു.
ഓരോ വർഷങ്ങളിലും വ്യത്യസ്തമായ സ്റ്റേജുകൾ നിർമിച്ച് ജന ശ്രദ്ധ പിടിച്ചുപറ്റാറുള്ള മഹല്ലിലെ യുവനിര ഇത്തവണ ഇൗ വേദി രക്ഷാപ്രവർത്തകർക്കായി സമർപ്പിച്ചു.
സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രതീകാത്മകമായി നിർമിച്ചാണ് വേദിയിലേക്കുള്ള പാത ഒരുക്കിയിട്ടുള്ളത്.
ദുരന്തമുഖത്ത് തോളോട് തോൾ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയ വിവിധ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർ ഫോഴ്സ്, പൊലീസ്, എൻഡിആർഎഫ്, ഫയർ ഫോഴ്സ് എന്നിവരുടെ മുദ്രകളും ജഴ്സികളും എല്ലാം വേദിയിൽ ഇടം പിടിച്ചിട്ടുണ്ട്.