ADVERTISEMENT

ചൂരൽമല ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലകളിലെ എസ്റ്റേറ്റുകളിലേക്കും മറ്റു കൃഷിത്തോട്ടങ്ങളിലേക്കും തൊഴിലാളികൾക്കും കർഷകർക്കും പ്രവേശനം അനുവദിച്ച് ജില്ലാ ഭരണകൂടം. കർശന നിബന്ധനകളോടെയാണ് പ്രവേശനം. ദുരന്ത മേഖലകളിലെ കൃഷിത്തോട്ടങ്ങളിലേക്ക് കർഷകർക്ക് പ്രവേശനം അനുവദിക്കാത്തതു കാരണം വിളവെടുക്കാനാകാതെ കൃഷി നശിക്കുകയാണെന്ന് കാണിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. ഉത്തരവിറങ്ങിയതോടെ ഇന്നലെ ഹാരിസൺ മലയാളം (എച്ച്‌എംഎൽ) ചൂരൽമല സെന്റിനൽ റോക്ക് ഡിവിഷൻ, റാണിമല എസ്‌റ്റേറ്റുകളിൽ പണി പുനരാരംഭിച്ചു.

ദുരന്തഭൂമിക്ക് സമീപത്തെ ചെറുകിട കർഷകരുടെ തോട്ടങ്ങളിലും കൃഷി അനുബന്ധ ജോലികൾ പുനരാരംഭിച്ചു. ഇന്നലെ ചൂരൽമല സെന്റിനൽ റോക്ക് ഡിവിഷനിൽ 11 സ്ഥിരം തൊഴിലാളികൾ, എസ്റ്റേറ്റിന് കീഴിലെ പുത്തുമല ഡിവിഷനിലെ 15 അതിഥിത്തൊഴിലാളികൾ എന്നിവരോടൊപ്പം ചേരമ്പാടിയിൽ നിന്നുള്ള 20 തൊഴിലാളികളെക്കൂടി എത്തിച്ചാണു പണി പുനരാരംഭിച്ചത്. ഇവർ 3 സംഘങ്ങളായി തിരിഞ്ഞാണു തേയില നുള്ളിയത്.

ഒരുസംഘം തൊഴിലാളികൾ എസ്റ്റേറ്റിന് കീഴിലെ ചൂരൽമല ഡിസ്പെൻസറിക്കു മുൻവശത്തും മറ്റൊരു സംഘം മുണ്ടക്കൈ റോഡിലെ റാട്ടപ്പാടിക്ക് സമീപവുമാണു ജോലിയെടുത്തത്. രാവിലെ പത്തോടെ തുടങ്ങിയ ജോലി ഉച്ച കഴിഞ്ഞ് രണ്ടരയോടെ അവസാനിപ്പിച്ച് തൊഴിലാളി സംഘം മടങ്ങി. ദുരന്തഭൂമിയിലെ കൃഷിയിടങ്ങൾ സന്ദർശിക്കാനായി നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തോട്ടങ്ങളിൽ വിളവെടുപ്പ്‌ നടത്താനും കൃഷി അനുബന്ധ ജോലി ചെയ്യിക്കാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കർശന നിബന്ധനകളോടെ അനുമതി നൽകിയത്‌. ഈ എസ്‌റ്റേറ്റുകളിലെ 187 തൊഴിലാളികൾക്ക്‌ ജോലിചെയ്യാൻ അനുമതി നൽകാവുന്നതാണെന്ന്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌ നൽകിയിരുന്നു.

വനറാണി, നെല്ലിയാമ്പതി, നാഗമല, വൃന്ദാവൻ, ഏബ്രഹാം എന്നീ തോട്ടങ്ങളിൽ പുഞ്ചിരിമട്ടം ഭാഗത്ത്‌ സുരക്ഷിതമായ പാലവും റോഡും നിർമിച്ച ശേഷമേ ജോലി അനുവദിക്കുകയുള്ളൂ. നിർമിക്കുന്ന പാലം, റോഡ് എന്നിവയുടെ സുരക്ഷിതത്വം പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തണം. ഉരുൾപൊട്ടൽ ദുരന്തത്തിൽ എച്ച്‌എംഎൽ എസ്റ്റേറ്റിലെ 41 തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ 35 പേർ സ്ഥിരം തൊഴിലാളികളും 4 അതിഥിത്തൊഴിലാളികളും 2 ജീവനക്കാരുമാണ്. തൊഴിലാളികളുടെ കുടുംബാംഗങ്ങളെയും നഷ്ടമായി. 9 പാടികൾ ഒലിച്ചുപോയി. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിൽ സ്വകാര്യ തോട്ടങ്ങളും ഒട്ടേറെ ചെറുകിട കർഷകരുമുണ്ട്. ഏലമാണു പ്രധാന കൃഷി. ഏലം വിളവെടുപ്പ് സമയമാണിപ്പോൾ. യഥാസമയത്ത് വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ വിളകളെല്ലാം നശിക്കാൻ തുടങ്ങിയിരുന്നു.

നിബന്ധനകൾ ഇങ്ങനെ

ബെയ്‌ലി പാലത്തിലൂടെ രാവിലെ 7 മുതൽ തൊഴിലാളികളെ കൊണ്ടുപോകാം. വൈകിട്ടു 3നു മുൻപ് തിരികെ എത്തിക്കണം. ഉൽപന്നങ്ങളും ഈ സമയത്തിനു മുൻപായി പാലം കടത്തണം. ഏറ്റവും കുറവ് തൊഴിലാളികളെ മാത്രം വാഹനത്തിൽ കൊണ്ടുവന്ന്‌ വിളവെടുപ്പ് ജോലികൾ നിർവഹിക്കണം. പുഴയുടെ ഇരുഭാഗത്തും 50 മീറ്ററിനുള്ളിൽ ജോലി പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ തൊഴിലാളികളെ തിരികെ സുരക്ഷിത സ്ഥലത്ത് എത്തിക്കുന്നതിന്‌ റിസർവ്‌ വാഹനങ്ങൾ സജ്ജമാക്കണം. തൊഴിലാളികളെ 10– 20 വരെയുള്ള ഗ്രൂപ്പുകളായി തിരിച്ചായിരിക്കണം ജോലി നൽകേണ്ടത്‌. ഓരോ ഗ്രൂപ്പിനും കോഓർഡിനേറ്റർമാരെ നിയോഗിക്കണം. എസ്റ്റേറ്റ് ഉടമകൾ തൊഴിലാളികളുടെ വിവരങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. തൊഴിലാളികൾക്കും ബന്ധപ്പെട്ടവർക്കും പാസ് നിർബന്ധമാണ്‌. ശക്തമായ മഴയുള്ളപ്പോഴും മുന്നറിയിപ്പുള്ളപ്പോഴും ജോലിചെയ്യാൻ പാടില്ല. തൊഴിലാളികളുടെ സുരക്ഷാ ഉത്തരവാദിത്തം എസ്റ്റേറ്റ് ഉടമകൾക്കാണ്‌.

English Summary:

This article highlights the resumption of agricultural activities by small-scale farmers near the Puthumala landslide site in Kerala. It details the safety measures imposed, the crops being harvested, and the challenges faced by the farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com