അമ്മായിപ്പാലം കാർഷിക മൊത്ത വിപണന കേന്ദ്രം: പദ്ധതികൾ ഉറങ്ങുന്നു, വണ്ടികൾ തുരുമ്പെടുക്കുന്നു
Mail This Article
ബത്തേരി∙ കർഷകരെ സഹായിക്കാൻ സർക്കാർ തുടങ്ങിയ പല പദ്ധതികളും ജില്ലയിൽ പൊടിപിടിക്കുന്നു. അതിന്റെ വലിയ ഉദാഹരണമാണ് അമ്മായിപ്പാലം കാർഷിക മൊത്ത വിപണന കേന്ദ്രം. ഇവിടെ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാകുന്നില്ലെന്ന് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി ലക്ഷങ്ങൾ മുടക്കി വാങ്ങിയ വണ്ടികൾ പലതും ഉപയോഗിക്കാതെ തുരുമ്പെടുത്തും നശിക്കുകയാണ്.കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷികോൽപന്നങ്ങൾ മറ്റു ജില്ലകളിലേക്ക് കൊണ്ടു പോകുന്നതിനായി വാങ്ങിയ ശീതീകരണ സംവിധാനമുള്ള 2 വണ്ടികളും ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനുള്ള കാറുമാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
ബത്തേരി കാർഷിക മൊത്തവിപണിയിലെ 2 ടെംപോ വാഹനങ്ങളിലാണ് കാർഷികോൽപന്നങ്ങൾ ശേഖരിച്ചിരുന്നതും കയറ്റി അയച്ചിരുന്നതും. വണ്ടികളിലൊന്ന് ഇവിടേക്ക് നേരിട്ടു വാങ്ങിയതും രണ്ടാമത്തേത് കാസർകോടു നിന്ന് എത്തിച്ചതുമാണ്. വണ്ടികളിലൊന്നിന്റെ ബാറ്ററി ഇപ്പോൾ കാണാനില്ല. വർഷങ്ങളായി വണ്ടികൾ ഉപയോഗിക്കാതായതോടെ ഇനി ഇരുമ്പു വിലയ്ക്കു പോലും ആരും എടുത്തെന്നും വരില്ല.