കർലാട് ചിറയിൽ സാഹസികതയ്ക്ക് പേരിനൊരു കയാക്കിങ് മാത്രം
Mail This Article
കാവുംമന്ദം∙ വയനാട് അഡ്വഞ്ചർ ടൂറിസം കേന്ദ്രമായ കർലാട് ചിറയിൽ സാഹസികതയ്ക്ക് പേരിനൊരു കയാക്കിങ് മാത്രം ആണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന മുഴുവൻ റൈഡുകളും നിശ്ചലമായി. ഇവിടത്തെ പ്രധാന ആകർഷണമായ സിപ് ലൈൻ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം ആയെങ്കിലും പുനരാരംഭിക്കാൻ നടപടിയില്ല. സുരക്ഷയുടെ ഭാഗമായാണ് ഇതിന്റെ പ്രവർത്തനം നിലച്ചത്. തുടർ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ വന്നതോടെ ഇതിന്റെ പ്രവർത്തനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ജലാശയത്തിനു മുകളിലൂടെയുള്ള സിപ് ലൈൻ യാത്ര പ്രതീക്ഷിച്ച് ഒട്ടേറെ സന്ദർശകർ ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശയാണ് ഇപ്പോൾ ബാക്കിയാകുന്നത്.സാഹസിക കേന്ദ്രം ആയി മാറ്റിയ കാലത്ത് ഇവിടെ ആരംഭിച്ച ആർച്ചറി, സോർബിങ് ബോൾ, വാൾ ക്ലൈംപിങ് അടക്കമുള്ള എല്ലാ റൈഡുകളും ആഴ്ചകൾക്കകം തന്നെ മുടങ്ങുകയും വർഷങ്ങൾ കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ നടപടിയും ഇല്ലാത്ത അവസ്ഥയാണ്.
ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ജലധാരയുടെ പ്രവർത്തനവും നിലച്ച മട്ടാണ്. ഇതിന്റെ മോട്ടറുകൾ പതിവായി തകരാറിലാകുന്നതാണു ജലധാരയുടെ പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കുന്നത്.വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന ടെന്റുകളും പൂർണമായും നശിച്ച നിലയിലായി. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്.വർണ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ പ്രവർത്തിക്കുന്ന ജലധാര ഒരുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.രാത്രി കാലങ്ങളിലും ടൂറിസം കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ വെളിച്ച സംവിധാനം ഭൂരിഭാഗവും തകരാറിലായി. പുതിയതായി നിർമിച്ച ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരികൾ തുരുമ്പെടുത്ത നിലയിലായതും ബ്രിജ് ബന്ധിപ്പിക്കുന്ന ചങ്ങലകൾ തകർന്നതും അപകട സാധ്യതയും ആയി.ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പെടാപ്പാടു പെടുമ്പോഴും അവർക്ക് ആകർഷകമായ വിധത്തിൽ ടൂറിസം കേന്ദ്രങ്ങൾ ഒരുക്കാനും അധികൃതർ തയാറാകണമെന്നാണ് ആവശ്യമുയരുന്നത്.