ADVERTISEMENT

ഗൂഡല്ലൂർ ∙ ശ്രീമധുരയ്ക്കടുത്ത് ബോസ്പുരയിൽ കർഷകരുടെ വീടുകളും കൃഷിയിടങ്ങളുമടക്കമുള്ള 73.50 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചു വനംവകുപ്പ്. വനഭൂമിയാക്കി വിജ്ഞാപനം നടത്തിയ സർക്കാർ ഗസറ്റിന്റെ കോപ്പി ബോസ്പുരയിലെ ബസ് വെയിറ്റിങ് ഷെഡിൽ വനംവകുപ്പ് പതിച്ചു. ഇവിടെ നൂറുകണക്കിന് വീടുകളും വൈദ്യുതി കണക്‌ഷൻ അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഭൂമിയാണ് വനം വകുപ്പ് റിസർവ് വനമായി പ്രഖ്യാപിച്ചത്. തമിഴ്നാട് വനം വകുപ്പ് സെക്രട്ടറിയായ സുപ്രിയ ഷാഹുവാണ് വിജ്‍ഞാപനം പുറപ്പെടുവിച്ചത്. ഇവർ നേരത്തേ നീലഗിരി കലക്ടറായിരുന്നു. ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ പട്ടയമില്ലാത്ത കർഷകർക്ക് പട്ടയം നൽകുമെന്ന് ഉറപ്പ് നൽകുമ്പോഴാണ് സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുടരുന്നത്.

ആശുപത്രിയും സ്കൂളും വീടും ഉള്ള കാടോ?
വനം വകുപ്പിന്റെ എഴുതപ്പെട്ട നിയമങ്ങൾ വരുന്നതിന് മുൻപ് നിലമ്പൂർ കോവിലകത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്ത കർഷകരുടെ പിൻതലമുറയാണ് ഇവിടെ താമസിക്കുന്നത്. കോവിലകത്തിന്റെ കൈവശം വരുന്നതിന് മുൻപ് ഒട്ടേറെ നാടുവാഴികൾ ഭരിച്ചിരുന്ന മണ്ണാണിത്. വലിയ വീടുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും സർക്കാർ നിർമിച്ചു നൽകിയ ഭൂമി എങ്ങനെ വനഭൂമിയായി മാറി എന്നതാണു നാട്ടുകാർ ഉന്നയിക്കുന്ന ചോദ്യം.കഴിഞ്ഞ ഭരണകാലത്ത് ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശത്തെ കർഷകരുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നിയമസഭയിൽ കൊണ്ടുവന്ന വനംനിയമത്തിലെ 16 എ ഉപവകുപ്പ് പ്രകാരമാണു കൃഷിഭൂമി നിക്ഷിപ്ത വനഭൂമിയാക്കി പ്രഖ്യാപിച്ചത്. അന്ന് നിയമത്തിനെതിരെ ഗൂഡല്ലൂരിൽ കർഷകരുടെ പ്രക്ഷോഭം നടന്നിരുന്നു.നിയമം ആരെയും ബാധിക്കില്ലന്നാണ് കലക്ടറായിരുന്ന ഇന്നസന്റ് ദിവ്യ നൽകിയ ഉറപ്പ്. ഇപ്പോൾ പുറപ്പെടുവിച്ച വി‍ജ്ഞാപനത്തിൽ 16 എ ഉപ വകുപ്പ് പ്രകാരമാണ് ഭൂമി റിസർവ് വനമാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‍

ബോസ്പുരയില്‍ കൃഷി ഭൂമി വനമാക്കി മാറ്റുന്നതിനുള്ള വിജ്ഞാപനം പുറത്തുവന്നതോടെ ബോസ്പുര പള്ളിയില്‍ നടന്ന പൊതുയോഗം.
ബോസ്പുരയില്‍ കൃഷി ഭൂമി വനമാക്കി മാറ്റുന്നതിനുള്ള വിജ്ഞാപനം പുറത്തുവന്നതോടെ ബോസ്പുര പള്ളിയില്‍ നടന്ന പൊതുയോഗം.

കാടാകാൻ ലൂയിസിന്റെ കല്ലറയുള്ള ഭൂമിയും
പതിറ്റാണ്ടുകളായി കർഷകർ വിയർപ്പൊഴുക്കി പൊന്നുവിളയിപ്പിച്ച കൃഷിഭൂമിയാണു വനംഭൂമിയാക്കി മാറ്റുന്നത്. കുടിയിറക്കലിൽ മനംനൊന്ത് ജീവത്യാഗം ചെയ്ത തുരത്തിയിൽ ലൂയിസിന്റെ കല്ലറയടക്കമുള്ള ഭൂമിയും ഇതിൽപെടും. അദ്ദേഹത്തിന്റെ 46 ാം ചരമവാർഷികം സെപ്റ്റംബർ 7 നായിരുന്നു.ലൂയിസിന്റെ ജീവത്യാഗത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രിയടക്കമുള്ളവർ കർഷകർക്ക് പട്ടയം നൽകുമെന്ന് ഉറപ്പ് നൽകിയതാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ജനതയുടെ പട്ടിണി മാറ്റുന്നതിനായി ഈ മണ്ണിലെത്തിയ കർഷകരുടെ പിൻമുറക്കാരും ദുരിതത്തിലേക്ക് മാറുകയാണ്.

ഒഴിപ്പിക്കാൻ നടക്കുന്നത് ഉന്നതതല ഗൂഢനീക്കം
റിസർവ് വനമാക്കി പ്രഖ്യാപിച്ച ഭൂമിയിൽനിന്നു താമസക്കാർ ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ ഭൂമി വനമാക്കുന്നതിനു കഴിഞ്ഞ 3 വർഷമായി വനംവകുപ്പിൽ ഉന്നതതല നീക്കം നടക്കുന്നുണ്ടായിരുന്നു. വനഭൂമി കൂടിയതായി കാണിച്ച് കൂടുതൽ ഫണ്ട് അനുവദിപ്പിക്കാനുള്ള വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ കുതന്ത്രമാണിതിനു പിന്നിലെന്നു കർഷകസംഘടനകൾ ആരോപിക്കുന്നു. വനംവകുപ്പിലെ കീഴ്ജീവനക്കാർക്ക് ഈ ഭൂമി വനഭൂമിയല്ലെന്ന് വ്യക്തമായി അറിയാം. മുതുമല കടുവ സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന ഭൂമിയാണിത്. വനംവകുപ്പിന്റെ കടുവ സങ്കേതത്തിൽ മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർന്ന നിലയിലാണ്. മൃഗങ്ങൾ വെള്ളത്തിനായും ഭക്ഷണത്തിനായും ആശ്രയിക്കുന്നത് കർഷകന്റെ കൃഷിഭൂമിയാണ്. മൃഗങ്ങൾ കാടിറങ്ങുന്നതിന് കാരണം വനം ഭൂമി ചുരുങ്ങിയതാണെന്നാണു പരിസ്ഥിതി സംഘടനകൾ വാദിക്കുന്നത്. എന്നാൽ, വനഭൂമി മൃഗങ്ങൾക്ക് വാസയോഗ്യമല്ലാത്തതാണ് വന്യജീവികൾ കാടിറങ്ങുന്നതിനു കാരണമെന്നും ഇതു പരിഹരിക്കേണ്ടതു വനംവകുപ്പാണെന്നും കർഷകസംഘടനകൾ പറയുന്നു.

English Summary:

The Forest Department's decision to declare 73.5 acres of inhabited land in Bospuram, Gudalur as reserve forest has sparked outrage. Residents face displacement, and the move contradicts assurances to provide land titles to landless farmers in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com