ADVERTISEMENT

കൽപറ്റ ∙ വീതിയില്ലാത്ത റോഡ്, അങ്ങിങ്ങായി കുഴികൾ, ചിതറിക്കിടക്കുന്ന ചെറുകല്ലുകൾ, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിൽ തൂങ്ങി നിൽക്കുന്ന വൻമരങ്ങളും പാറക്കഷണങ്ങളും... ചുരത്തിലെ ദുരിതക്കാഴ്‌ചകളുടെ പട്ടിക നീളുകയാണ്. ചുരത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഇറക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. അത്രയ്ക്കു ദുരിതമാണ് ഇതിലൂടെയുള്ള യാത്ര. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ ചുരം കയറുന്നത് കണ്ടാൽ ചങ്കിടിപ്പ് കൂടും. സാഹസികമായി വേണം ഓരോ വളവിനെയും കീഴടക്കാൻ.

വളവുകളുടെ നവീകരണം വൈകുന്നു
ചുരത്തിലെ ഒന്ന്, 3, 6, 7, 8 വളവുകളുടെ വീതി കൂട്ടണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിൽ 2018 ഏപ്രിൽ 20ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം .9168 ഹെക്ടർ ഭൂമി വിട്ടു നൽകിയിരുന്നു.20 വർഷത്തേക്ക് കർശന വ്യവസ്ഥകളോടെയാണ് വനഭൂമി നൽകിയത്. വിട്ടു നൽകുന്ന ഭൂമിയുടെ ഉടമസ്ഥത വനം പരിസ്ഥിതി മന്ത്രാലയം കൈമാറില്ല, ഇവിടെ നിന്നു വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരമായി പത്തിരട്ടി മരങ്ങൾ സംസ്ഥാനം നട്ടുപിടിപ്പിക്കണം, വനാതിർത്തി കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് വേർതിരിക്കുക, ബെംഗളൂരുവിലെ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക, അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

വയനാട് ചുരത്തിലെ 7ാം വളവിൽ റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴി. കഴിഞ്ഞ ദിവസം മരക്കഷ്ണങ്ങൾ കയറ്റിവന്ന ലോറിമറിഞ്ഞത് ഇവിടെയായിരുന്നു. ചിത്രം: മനോരമ
വയനാട് ചുരത്തിലെ 7ാം വളവിൽ റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴി. കഴിഞ്ഞ ദിവസം മരക്കഷ്ണങ്ങൾ കയറ്റിവന്ന ലോറിമറിഞ്ഞത് ഇവിടെയായിരുന്നു. ചിത്രം: മനോരമ

ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാനായി 2012ലാണ് കേരളം വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. വെട്ടിമാറ്റുന്ന മരങ്ങൾക്കുളള നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പ്രാഥമിക അനുമതി 2014ൽ നൽകിയ കേന്ദ്രം പക്ഷേ നിർമാണ പ്രവർത്തനങ്ങൾക്കുളള സ്റ്റേജ് ടു ക്ലിയറൻസ് നൽകിയിരുന്നില്ല. തുടർന്ന് ദേശീയപാതാ വിഭാഗവും സംസ്ഥാന സർക്കാരും നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് വനഭൂമി വിട്ടു നൽകി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. തുടർന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിശദമായ പ്രപ്പോസൽ തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് തുടർനടപടികളുണ്ടായില്ല.

അധികൃതർ മിണ്ടുന്നില്ല
ദിവസേന നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ ഇന്റർലോക്ക് ചെയ്‌ത വളവുകളൊഴികെ ബാക്കിയുള്ള വളവുകളിലെല്ലാം സാഹസികയാത്രയാണ്. 6, 7, 8 വളവുകൾ പൂർണമായി തകർന്നു‌.താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുക്കണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു.ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്യാൻ പോലും അധികൃതർ തയാറാവുന്നില്ല. ഒന്ന്, 3, 6, 7, 8 വളവുകൾ കൂടി ഇന്റർലോക്ക് ചെയ്താൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുമെന്നിരിക്കെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

English Summary:

The Thamarassery Ghat Road, a vital link between Kozhikode and Wayanad, is plagued by narrow stretches, potholes, and precarious overhangs. Despite securing forest land for widening in 2018, the project remains stalled, leaving commuters facing hazardous journeys and traffic nightmares.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com