സഞ്ചാരികളെ വിളിച്ചുവരുത്തി ചുരത്തിലിടണോ? ആഘോഷവേളകളിൽ ചുരത്തിൽ മണിക്കൂറുകളോളം കുരുക്ക് പതിവ്
Mail This Article
കൽപറ്റ ∙ സഞ്ചാരികളെ ക്ഷണിച്ച് നാടുനീളെ പ്രചാരണങ്ങൾ തകൃതിയായി നടക്കുമ്പോഴും വയനാട്ടിലേക്കുള്ള പ്രധാന പാതയായ ചുരം റോഡിലെ ദുരിതയാത്രയ്ക്കു പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ല. റോഡിന്റെ ശോച്യാവസ്ഥയും വാഹനപ്പെരുപ്പവും കാരണം ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവായി. വ്യത്യസ്ത സംഭവങ്ങളിലായി ഇന്നലെയും ചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. രാവിലെ ഒൻപതരയോടെ 9–ാം വളവിൽ ടൂറിസ്റ്റ് ബസ് ഇന്ധനം തീർന്നു കുടുങ്ങിയതാണ് ആദ്യത്തേത്.
പത്തരയോടെ വീണ്ടും ഗതാഗത തടസ്സമുണ്ടായി. കഴിഞ്ഞദിവസം 7–ാംവളവിൽ മറിഞ്ഞ ലോറിയിൽ നിന്നു റോഡിലേക്ക് വീണ മരക്കഷണങ്ങൾ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് ഗതാഗത തടസ്സമുണ്ടായത്. വാഹനപ്പെരുപ്പം രൂക്ഷമായതോടെ ഉച്ചയോടെ വീണ്ടും ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനു ശേഷം ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. വയനാട്ടിലേക്ക് വരുന്നവർ ഈ ഗതികേട് അനുഭവിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. താൽക്കാലിക പരിഹാരം പോലും കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് യാഥാർഥ്യം.
വരുന്നു പൂജാ അവധി; കാത്തിരിക്കുന്നു വൻ ഗതാഗതക്കുരുക്ക്
കഴിഞ്ഞ വർഷത്തെ പൂജാ അവധിക്ക് സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറിയതോടെ 12 മണിക്കൂറോളമാണു കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് യാത്രക്കാർ കുടിവെള്ളം പോലും ലഭ്യമാകാതെ വഴിയിൽ കുടുങ്ങിയത്. വാഹനങ്ങൾ കേടായി കുടുങ്ങിയതും നൂറുക്കണക്കിന് വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതുമാണ് അന്നു ചുരം യാത്ര കഠിനമാക്കിയത്.
പൂജ അവധിയാണ് വരുന്നത്. ഇതിനിടെ നീണ്ടനാളുകൾക്കു ശേഷം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സജീവമാവുകയും ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കൂടി തുറക്കും. ഇൗ സാഹചര്യത്തിൽ സഞ്ചാരികളിൽ ഭൂരിഭാഗവും അവധി ആഘോഷിക്കാനായി വയനാടായിരിക്കും തിരഞ്ഞെടുക്കുക. ചുരം റോഡാണെങ്കിൽ കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ തകരുകയും ചെയ്തു. ചുരുക്കത്തിൽ കഴിഞ്ഞ പൂജാ അവധിക്ക് യാത്രക്കാർ നേരിട്ട ദുരിതം ഇത്തവണയും ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്.
വലിയ വാഹനങ്ങൾക്ക് യാത്രാ നിയന്ത്രണം കർശനമാക്കണം
അവധി ദിനങ്ങളിൽ വയനാട് ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അവധി ദിനങ്ങളിൽ ഇതുവഴിയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി 2023 ഒക്ടോബർ 27നാണ് കോഴിക്കോട് കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉത്തരവിട്ടത്.
ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിനങ്ങൾ, രണ്ടാം ശനിയോടു ചേർന്നുവരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകിട്ടു 3നും രാത്രി 9നും ഇടയിലാണ് വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. 2012ൽ ചുരം പൂർണമായി തകർന്നതിനെ തുടർന്ന് അന്നത്തെ കോഴിക്കോട് കലക്ടർ പി.ബി. സലിം, വലിയ ഭാരം കയറ്റി വരുന്ന ലോറികൾക്കും കണ്ടെയ്നർ ട്രക്കുകൾക്കും ചുരത്തിൽ നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതൊന്നും ചുരത്തിൽ പാലിക്കപ്പെടുന്നില്ല.