ചൂരിമലയിൽ കടുവ പശുവിനെ പിടിച്ചു
Mail This Article
ബത്തേരി ∙ ചൂരിമലയിൽ ബീനാച്ചി എസ്റ്റേറ്റ് അതിർത്തിയിൽ മേയുകയായിരുന്ന പശുവിനെ കടുവ ആക്രമിച്ചു. ചെരിപുറത്തു പറമ്പിൽ കൃഷ്ണൻകുട്ടിയുടെ കറവയുള്ള പശുവിനെയാണ് കടുവ പിടിച്ചത്. ഇടതു പിൻകാലിലും ദേഹത്തും സാരമായി പരുക്കേറ്റ പശുവിന് ചികിത്സ നൽകി വരികയാണ്. പശുവിന് 4 മാസം പ്രായമുള്ള കിടാവുണ്ട്. ഒരു വർഷത്തിനുള്ളിൽ കൃഷ്ണൻകുട്ടിയുടെ നാലാമത്തെ വളർത്തുമൃഗത്തെയാണ് കടുവ പിടികൂടുന്നത്.
പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് 100 മീറ്റർ മാറി എസ്റ്റേറ്റ് അതിർത്തിയിൽ 4 പശുക്കളെയും 3 കിടാവുകളെയും മേയ്ക്കുകയായിരുന്നു കൃഷ്ണൻകുട്ടി. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് തിരിച്ചു ചെല്ലുമ്പോൾ ഒരു പശുവിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കടുവ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷ്ണൻ കുട്ടി പറയുന്നത്
സമീപത്തെ ചെളിയിൽ കടുവയുടെ കാൽപാടുകൾ കണ്ടതോടെ സംശയമായി. പിന്തുടർന്ന് നോക്കിയപ്പോൾ സമീപത്തെ തോട്ടിൽ ചെളിയിൽ പുരണ്ട് പശു കിടക്കുന്നത് കണ്ടു. പശുവിന്റെ പേര് ഉച്ചത്തിൽ വിളിച്ചു കൊണ്ടാണ് സമീപത്തേക്ക് ചെന്നത്. ശബ്ദം കേട്ട് കടുവ ഓടിപ്പോയി. കുറച്ചു ദൂരം ഇഴഞ്ഞ് പശു തന്റെ അടുത്തേക്ക് വന്നെങ്കിലും അവശയായി.
പിന്നീട് ട്രാക്ടറെത്തിച്ചാണ് പശുവിനെ വീട്ടിലേക്ക് കൊണ്ടു വന്നത്. അതിനിടെ രണ്ടു പേർ കടുവയെ കാണുകയും ചെയ്തു. കടുവ കടിച്ചതിനെ തുടർന്ന് കാലിൽ നിന്ന് എല്ല് പുറത്തു വന്നിട്ടുണ്ട്. വയറിലും മുറിവേറ്റ പാടുണ്ട്. ചെറിയ തോതിലാണ് പശു തീറ്റയെടുക്കുന്നത്.
3 വർഷത്തിനിടെ 25 കാലികളെ പിടിച്ചു
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൃഷ്ണൻകുട്ടിയുടെ 3 പശുക്കളെയും ഒരു പോത്തിനെയുമാണ് കടുവ കൊന്നത്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ചൂരിമല നിവാസികളുടെ 25 കന്നുകാലികളെ കടുവ പിടികൂടി.
30 ക്ഷീരകർഷകരുണ്ടായിരുന്ന ഇവിടെ കടുവ ശല്യം കാരണം ഇരുപതിലധികം പേരും കന്നുകാലികളെ വിറ്റു. വായ്പ തിരിച്ചടവുകളും ജീവിത പ്രാരബ്ധങ്ങളും ഉള്ളതിനാലാണ് വിരലിലെണ്ണാവുന്നവർ ഇവിടെ ക്ഷീര കർഷകരായി തുടരുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.