ADVERTISEMENT

കൽപറ്റ ∙ ഏലം വിലയിൽ കുതിപ്പ് തുടരുമ്പോഴും പ്രതികൂല കാലാവസ്ഥയും കാട്ടുപന്നി, മാൻ, മയിൽ അടക്കമുള്ള വന്യമൃഗശല്യവും മൂലമുള്ള കൃഷിനാശം കർഷകർക്ക് ഇരുട്ടടിയായി. കനത്ത മഴയിലും ഏലത്തിന്റെ ഇലകൾ കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്ഥയാണ്. നല്ല ഏലക്കായയ്ക്ക് കിലോഗ്രാമിന് 3250 രൂപ വരെ വില ലഭിക്കുന്ന സമയത്ത് വിളവെടുക്കാൻ പാകമായ ഏലക്കായ ഉണങ്ങി കൊഴിയുന്നതും എലി ശല്യവും കർഷകരുടെ ഉള്ള പ്രതീക്ഷ കൂടി തകർക്കുന്നു. വയനാട്ടിൽ വ്യാപകമായി ഏലം കൃഷിയില്ലെങ്കിലും കർഷക സംഘടനകൾ വഴി കഴിഞ്ഞ 4 വർഷമായി ഏലം തൈ വിതരണവും നടീലും നടക്കുന്നതിനാൽ ഇപ്പോൾ ഗ്രാമപ്രദേശത്തെ മിക്കയിടങ്ങളിലും ചെറിയ തോതിലെങ്കിലും ഏലക്കായ ഉണ്ട്. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഏലം കൃഷി ചെയ്യുന്ന ജില്ലയും വയനാടാണ്.

ഉൽപാദനം കുറവ്, ചെലവ് കൂടുതൽ
മറ്റു കൃഷികളെ അപേക്ഷിച്ച് ഏലത്തിന് ഉൽപാദനച്ചെലവ് കൂടുതലാണ്. വേഗത്തിൽ രോഗബാധ വരുമെന്നതിനാൽ മരുന്നും പരിചരണവും തുടർന്നുകൊണ്ടിരിക്കണം. ഏലം പൂവിടാൻ തുടങ്ങിയാൽ മാസത്തിൽ രണ്ടുതവണയെങ്കിലും മരുന്നു തളിക്കണം. കീടനാശിനികളുടെയും രാസവളത്തിന്റെയും ഉയർന്ന വിലയും തൊഴിലാളികൾക്കുള്ള കൂലിയുമെല്ലാം ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നു. വിളവെടുപ്പുകാലത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്ന ബുദ്ധിമുട്ട് വേറെ. വേനൽക്കാലത്തു നനയ്ക്കാനുള്ള സൗകര്യം നിർബന്ധമാണ്. കീടനാശിനി തളിക്കലും വളപ്രയോഗവും കൃത്യമായി നടത്തിയില്ലെങ്കിൽ വിളവു ലഭിക്കാതെ ഏലച്ചെടികൾ നശിക്കും.

സർക്കാർ ഇടപെടണം
ഏലം കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഒരു വർഷത്തേക്ക് ഹെക്ടറിന് 1500 രൂപയും 3 വർഷത്തേക്ക് 3750 രൂപയും അടച്ചാൽ വരൾച്ച മൂലമുള്ള കൃഷിനാശത്തിന് ഹെക്ടറിന് 60,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. എന്നാൽ, ഇത് ഒരേക്കറിൽ താഴെ കൃഷി ചെയ്യുന്നവർക്കും ബാധകമാക്കണമെന്ന ആവശ്യമാണു കർഷകർ ഉന്നയിക്കുന്നത്.

പ്രതിസന്ധിയായി രോഗബാധ
അഴുകൽ, തട്ടമറിച്ചിൽ, ഫിസേറിയം തുടങ്ങിയ രോഗങ്ങളും ഏലം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. രോഗബാധയേറിയതോടെ മരുന്നടിക്കാൻ കൂടുതൽ തൊഴിലാളികളെയും വേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര മഴയും ഉരുൾപൊട്ടലുമെല്ലാം ഏലച്ചെടികളെ സാരമായി ബാധിക്കുന്നുണ്ട്. മികച്ച വിളവും ഗുണനിലവാരമുള്ള കായ്കളും വല്ലപ്പോഴും മാത്രമേ കർഷകനു ലഭിക്കുന്നുള്ളൂ.

English Summary:

Cardamom farmers in Kerala grapple with crop losses from adverse weather, wildlife damage, and diseases despite high market prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com