അതിതീവ്ര മഴ; വനാതിർത്തിയിലെ തോട്ടിൽ കുത്തൊഴുക്ക്
Mail This Article
ബത്തേരി ∙ പൊടുന്നനെ പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ സ്കൂൾ മതിൽ തകർത്തു ഹോസ്റ്റലിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി. വെള്ളപ്പാച്ചിൽ കണ്ട് ഭയന്നു പോയ വിദ്യാർഥിനികളെ സ്കൂൾ അധികൃതർ വേഗത്തിൽ മുകൾ നിലയിലേക്ക് മാറ്റി. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്കർക്കു വേണ്ടി മാത്രമുള്ള കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിലേക്ക് ചുറ്റുമതിൽ തകർത്താണ് വെള്ളപ്പാച്ചിലെത്തിയത്. നാലാം ക്ലാസ് വരെയുള്ള ഗോത്രവിദ്യാർഥിനികളാണ് ഇവിടെ താമസം.
മുത്തങ്ങ വനാതിർത്തിയോട് ചേർന്ന് ഒഴുകിയിരുന്ന തോട്ടിൽ വെള്ളം നിറഞ്ഞ് കുത്തൊഴുക്കുണ്ടായതാണ് മതിൽ തകർന്ന് സ്കൂൾ അങ്കണത്തിലേക്ക് വെള്ളം പാഞ്ഞെത്താൻ കാരണം. സമീപത്തെ നാലു സെന്റ് ബ്ലോക്കിലെ വീടുകളിലും വെള്ളം കയറി. ഇന്നലെ വൈകിട്ട് നാലരയോടയായിരുന്നു സംഭവം. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനമേഖലയോട് ചേർന്നാണ് നൂൽപുഴ കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലിനപ്പുറം കാടിനോട് ചേർന്ന് ചെറിയ തോട് ഒഴുകുന്നുണ്ട്. ഇന്നലെ വൈകിട്ട് നൂൽപുഴ പഞ്ചായത്തിന്റെ മിക്കയിടങ്ങളിലും പെയ്ത അതിതീവ്ര മഴയിൽ കാട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം തോടു കവിഞ്ഞ് മതിലിനെ തകർക്കുകയായിരുന്നു. വലിയ കുത്തൊഴുക്കു പോലെയാണ് സ്കൂൾ മുറ്റത്തേക്ക് വെള്ളമെത്തിയത്. പൊടുന്നനെ ഹോസ്റ്റലിലേക്കും വെള്ളം കയറി.
സ്കൂൾ അവധിയായിരുന്നതിനാൽ കുട്ടികളെല്ലാം മുറികളിലുണ്ടായിരുന്നു. എൽപി സ്കൂളിലെ 50 കുട്ടികളാണ് താഴത്തെ നിലയിലുണ്ടായിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വെള്ളത്തിന്റെ വരവ് കണ്ട് ഭയന്നു പോയ കുട്ടികളിൽ പലരും നിലവിളിച്ചു. ഹോസ്റ്റലിലെ ആയമാരും വാർഡൻമാരും ഉടൻ ഓടിയെത്തി കുട്ടികളെ മുകൾ നിലയിലേക്ക് മാറ്റി. മതിൽ തകർന്നു വീണതൊഴിച്ചാൽ സ്കൂളിന് മറ്റു നാശ നഷ്ടങ്ങളൊന്നുമുണ്ടായില്ല. സ്കൂളിന് സമീപത്തു കൂടി ഒഴുകിയ വെള്ളം താഴെയുള്ള നാലു സെന്റു വീടുകളിലേക്കുമെത്തി. ഒട്ടേറെ വീടുകൾ വെള്ളത്തിലായി.
മഴയുടെ ശക്തി കുറഞ്ഞപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ വെള്ളമിറങ്ങി. നെൻമേനിക്കുന്ന് നമ്പിക്കൊല്ലി റോഡിലും പ്രദേശത്തെ പാടശേഖരത്തിലും വെള്ളമുയർന്നതും ജനങ്ങളിൽ ആശങ്ക പരത്തി. കാട്ടിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമായതിനാൽ ഹോസ്റ്റൽ മുറികൾ ശുചീകരിച്ച ശേഷമേ കുട്ടികളെ താമസിപ്പിക്കുകയുള്ളൂ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, പഞ്ചായത്ത് അംഗം ധന്യ വിനോദ്, എം.എ. ദിനേശൻ, സ്കൂൾ പ്രിൻസിപ്പൽ പി.ജി.സുരേഷ്ബാബു, പ്രധാനാധ്യാപകൻ അനീസ്.ജി. മൂസാൻ, മാനേജർ പികെ.സതീഷ്കുമാർ, വില്ലേജ് ഓഫിസർ അനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികളെടുത്തു.