ആക്രമണം; മൂവർ സംഘത്തിലെ 2 പേർ പിടിയിൽ
Mail This Article
പനമരം ∙ടൗണിനു സമീപം രണ്ടിടത്ത് ആക്രമണം നടത്തിയ മൂവർ സംഘത്തിലെ രണ്ടുപേർ പിടിയിൽ. ചീക്കല്ലൂർ സ്വദേശി വിഷ്ണു (20), പുഞ്ചവയൽ സ്വദേശി അനീഷ് (23) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ ഇവരെ ഊരുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തരുവണ, കൂടോത്തുമ്മൽ എന്നിവിടങ്ങളിൽ നിന്നാണ് പനമരം എസ്ഐ എം.കെ.റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.നിരീക്ഷണ ക്യാമറകൾ പരിശോധിച്ചും സ്കൂൾ പരിസരത്ത് വൈകുന്നേരങ്ങളിൽ എത്താറുള്ളവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രതികളിൽ രണ്ടുപേരെ പിടികൂടാൻ കഴിഞ്ഞത്.
രണ്ടുദിവസം മുൻപാണ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ കടയിൽ എത്തി, കെഎസ്ആർടിസി ജീവനക്കാരനായ ഇരട്ടപ്പറമ്പിൽ അനിൽകുമാറിനെ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് വടി, കമ്പി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സംഘം ആക്രമിച്ചത്. കൂടാതെ കടയിലെ സാധനസാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്തു. ഭാര്യ അതുല്യ നടത്തുന്ന സ്റ്റേഷനറി കടയിൽ സഹായത്തിന് എത്തിയതായിരുന്നു അനിൽകുമാർ. വിവരമറിഞ്ഞ് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ ഓടിയിരുന്നു. പിന്നീട് ഇതേ സംഘം നടവയൽ റോഡിന് സമീപത്തെ മണന്തല ഹബീബിന്റെ വീട്ടുമുറ്റത്തെത്തി ചെടിച്ചട്ടികൾ തകർക്കുകയും ജനലിന്റെ ക്ലാസുകൾ എറിഞ്ഞു തകർക്കുകയും ചെയ്തിരുന്നു.