വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കാൻ സുസ്ഥിര വികസന പാത വേണം: മേധ
Mail This Article
മേപ്പാടി ∙ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കരുതുന്ന സുസ്ഥിര വികസന പാതയിലൂടെ വേണം വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കേണ്ടതെന്ന് പരിസ്ഥിതി–സാമൂഹിക പ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ നേതാവുമായ മേധ പട്കർ.കിട്ടാക്കടമായി കോർപറേറ്റുകളുടെ നൂറുകണക്കിന് കോടി രൂപ എഴുതിത്തള്ളുന്ന ബാങ്കുകൾ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. മനോരമ ഓൺലൈൻ സംഘത്തിനൊപ്പം ചൂരൽമല, മുണ്ടക്കൈ ദുരന്ത മേഖല സന്ദർശിക്കുകയായിരുന്നു മേധ പട്കർ.പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഉൾപെടെയുള്ളവയിലൊന്നും വെള്ളം ചേർക്കാനാകില്ല. വയനാട്ടിലൂടെ നിർമിക്കാനുദ്ദേശിക്കുന്ന തുരങ്കപ്പാത പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
ജനങ്ങളെ മറന്ന് പരിസ്ഥിതിയെ പരിഗണിക്കേണ്ട കാര്യമില്ല. എന്നാൽ, പ്രകൃതിയുടെ പ്രത്യേകതകൾ കൂടി നമ്മൾ മനസ്സിലാക്കണമെന്നും മേധ പട്കർ ആവശ്യപ്പെട്ടു.ദുരന്തബാധിതരായ സ്ത്രീകളടക്കമുള്ളവർ മേധ പട്കറെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ മുന്നോട്ടുവന്നാൽ മാത്രമേ സർക്കാർ തലത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും മേധ പട്കർ പറഞ്ഞു. ശനിയാഴ്ച രാവിലെ 8.30ന് ആണ് സി.ആർ.നീലകണ്ഠനും മനോരമ ഓൺലൈൻ സംഘത്തിനുമൊപ്പം ചൂരൽമലയിൽ എത്തിയത്. ബെയ്‌ലി പാലത്തിലൂടെ നടന്ന അവർ തകർന്ന വീടുകളും സ്കൂൾ കെട്ടിടങ്ങളും കണ്ടു. മുണ്ടക്കൈയും സന്ദർശിച്ചു.