ADVERTISEMENT

കൽപറ്റ ∙  മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരന്തബാധിതരിൽ കടബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനു ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി കലക്ടർ ‍ഡി.ആർ.മേഘശ്രീ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ദുരന്തബാധിതർക്ക് സർക്കാർ അനുവദിച്ച ധന സഹായത്തിൽ നിന്നു കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയതായും മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. 

കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധന സഹായത്തിൽ നിന്നു വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് കലക്ടറുടെ വിശദീകരണം. ദുരന്തബാധിതർക്കുള്ള  ധന സഹായത്തിൽ നിന്നു വായ്പ ഇനത്തിലുള്ള കുടിശിക പിരിക്കരുതെന്ന് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകാൻ ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയതായും കലക്ടർ അറിയിച്ചു. കേരള ഗ്രാമീൺ ബാങ്ക് വെള്ളരിമല ശാഖയിൽ നിന്നു 931 ലോൺ അക്കൗണ്ടുകളിലായി 15.44 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 131 ഉപയോക്താക്കൾക്കാണു സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. 

131 ഉപയോക്താക്കളിൽ റീന, മിനിമോൾ, റഹിയാനത്ത് എന്നിവരിൽ നിന്നാണു വായ്പ കുടിശിക ബാങ്ക് അധികൃതർ‌ ഈടാക്കിയത്. ഇതിൽ റഹിയാനത്തിനു സർക്കാർ ധനസഹായം ലഭിച്ചില്ല.  ഇവർ ബാങ്കിൽ നൽകിയ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിലാണു കുടിശ്ശിക ഈടാക്കിയതെന്നും മനുഷ്യാവകാശ കമ്മിഷനു നൽ‌കിയ റിപ്പോർട്ടിലുണ്ട്. ബാങ്ക് ഈടാക്കിയ തുക ഓഗസ്റ്റ് 18 ന് അക്കൗണ്ടുകളിലേക്ക് മടക്കി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Following reports of loan recovery from government aid given to Mundakkai landslide victims, the Collector has assured the Human Rights Commission of action against such practices. This move brings hope for debt relief to victims and raises questions about ethical banking during disasters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com