ADVERTISEMENT

മേപ്പാടി ∙ ഹൃദയ തടാകം കാണാൻ ഇനി ചെമ്പ്രമലയുടെ ഉയരങ്ങളിലേക്ക് യാത്ര പോകാം. നീണ്ട ഇടവേളയ്ക്കു ശേഷം വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം സെന്ററായ ചെമ്പ്രമലയിലേക്കുള്ള ട്രക്കിങ് ഇന്ന് പുനരാരംഭിക്കും. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട ട്രക്കിങ് കേന്ദ്രമായിരുന്നു ചെമ്പ്രമലയിലേത്. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇതിനായി മാത്രം ജില്ലയിലേക്ക് ഒട്ടേറെ സഞ്ചാരികൾ എത്തിയിരുന്നു. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ യാത്രാനുഭവം മനംകുളിർപ്പിക്കുന്നതാണ്. മാസങ്ങൾക്ക് മുൻപ് ഇക്കോ ടൂറിസം സെന്ററുകൾ പൂട്ടിയപ്പോഴാണ് ചെമ്പ്രയിലേക്കുള്ള പ്രവേശനവും നിരോധിച്ചത്.

കെ‍ാടുംവേനലിലും വറ്റാത്ത ഹൃദയതടാകം ഒരുക്കിയ കാഴ്ചയിലേക്കാണ് വിനോദ സഞ്ചാരികൾ ഇന്ന് മുതൽ മല കീഴടക്കിയെത്തുന്നത്. മഞ്ഞും മഴയും കാറ്റുമെത്തുമ്പോഴുണ്ടാകുന്ന അനുഭവും വേറിട്ടതാണ്. ചെമ്പ്രമലയിലെ ട്രക്കിങ് ഏറ്റവും ആസ്വദിക്കാൻ അനുയോജ്യമായ സമയത്താണ് വീണ്ടും തുറക്കുന്നത്. കനത്ത മഴ കഴിഞ്ഞുള്ള സമയമാണ് ഇവിടെ പച്ചപ്പും കാഴ്ചകളും നിറയുന്നത്. ഇടവിട്ട മഴയും മഞ്ഞുമെല്ലാമായുള്ള കാലാവസ്ഥയാകും ഇനി ചെമ്പ്രയിലേക്കുള്ള യാത്രയിലുണ്ടാകുക. ജനുവരി, ഫെബ്രുവരി വരെയുള്ള കാലം ട്രക്കിങ്ങിന് അനുയോജ്യമാണ്. ശേഷം വേനൽ കനത്താൽ പുൽമേടുകളെല്ലാം ഉണങ്ങുന്നതിനാലും ചൂട് വർധിക്കുന്നതും തിരിച്ചടിയാണ്.

ടിക്കറ്റിൽ ഇങ്ങനെ പിഴിയാമോ
ചെമ്പ്രമലയിലേക്കുള്ള ട്രക്കിങ് പുനരാരംഭിക്കുന്നത് വിനോദ സഞ്ചാര മേഖലയിൽ നേട്ടമാണെങ്കിലും പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഒരു ദിവസം 75 സഞ്ചാരികൾക്കാണ് പ്രവേശനമുള്ളത്.അഞ്ചു പേരടങ്ങുന്ന സംഘത്തിന് 5000 രൂപയാണ് ടിക്കറ്റ്. മുൻപ് 1800 രൂപയായിരുന്നു. വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചത് ദോഷകരമാകുമോയെന്ന് ആശങ്കയുണ്ട്.

വിദേശ വിനോദ സഞ്ചാരികളുടെ അഞ്ചംഗ സംഘത്തിന് 8000 രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സംഘത്തിന് 1600 രൂപയുമാണ് ടിക്കറ്റ്. വിദേശ വിനോദ സഞ്ചാരികൾ ട്രക്കിങ്ങിന് സംഘമായി എത്തുന്നത് വളരെ കുറവാണ്. രണ്ടോ, മൂന്നോ പേർ അടങ്ങുന്നതാണ് കൂടുതലും എത്തുന്നത്. ഒറ്റയ്ക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരി 8000 രൂപ പ്രവേശന ടിക്കറ്റിനായി മാത്രം ചെലവഴിക്കേണ്ടി വരും. മുൻപ് 3500 രൂപയായിരുന്ന അഞ്ചംഗ വിദേശ വിനോദ സഞ്ചാരികൾക്ക് ഇടയാക്കിയത്.

English Summary:

Great news for adventure enthusiasts! Trekking to Chembra Peak, home to the stunning Heart Lake, resumes today under the Forest Department's eco-tourism initiative. Experience the beauty of Wayanad's highest peak and reconnect with nature.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com