വയനാടിനു വേണ്ടത് വൺ ഡേ സുൽത്താനയെ അല്ല: പി.ജയരാജൻ
Mail This Article
മാനന്തവാടി ∙വയനാട് മണ്ഡലത്തിനു വേണ്ടത് വൺ ഡേ സുൽത്താനെയോ സുൽത്താനയെയോ അല്ലെന്നും ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയെ ആണെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്ന് ഒളിച്ചോടി ഉപ തിരഞ്ഞെടുപ്പിന് സാഹചര്യം സൃഷ്ടിച്ച കോൺഗ്രസിന്റെ പ്രതിനിധിയെ ഇത്തവണ തോൽപിക്കണം. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ജനതയ്ക്ക് കോൺഗ്രസിനെ വിജയിപ്പിച്ചത് കൊണ്ട് എന്തു കിട്ടി എന്നു വോട്ടർമാർ ആലോചിക്കണം.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിൽ ഉള്ളത്.അതുകൊണ്ട് തന്നെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണം.ഹിന്ദുത്വത്തിന്റെ മുഖംമൂടി അണിഞ്ഞ് കോർപറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുകയാണ് ആർഎസ്എസും ബിജെപിയും. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ സ്ഥലമാണ് വയനാട്.
എംപിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും കേന്ദ്രവും അവിടെ എന്തു ചെയ്തു എന്നും ആലോചിക്കണം–പി.ജയരാജൻ പറഞ്ഞു.മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സത്യൻ മോകേരി, എൽഡിഎഫ് നേതാക്കളായ ഇ.ജെ.ബാബു, പി.വി. സഹദേവൻ, സി.കെ.ആശ എംഎൽഎ, പി.കെ.അനിൽകുമാർ, സി.പി. മുരളി, പി.എം.ഷബീറലി, കെ.ജെ.ദേവസ്യ, സി.എം.ശിവരാമൻ, കെ.പി. ശശികുമാർ, കുര്യാക്കോസ് മുള്ളൻമട, മൊയ്തു കുന്നുമ്മൽ, എ.എൻ. സലിംകുമാർ, കെ.വീരഭദ്രൻ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി എ.എൻ. പ്രഭാകരനെയും, കൺവീനറായി വി.കെ.ശശിധരനെയും തിരഞ്ഞെടുത്തു