ADVERTISEMENT

കൽപറ്റ ∙ കൊടുംചൂടിൽ വഴിയോരങ്ങളിൽ പ്രിയങ്ക ഗാന്ധിയെ കാത്തുനിന്നവരുടെ ആവേശം അവർ കൈയിലേന്തിയ ബൊഗെയ്ൻവില്ല പൂക്കളെപ്പോലെ വാടാതെനിന്നു. കൊച്ചുകു‍ഞ്ഞുങ്ങളെ കൈയിലെടുത്ത അമ്മമാർ പ്രിയനേതാവിനെ കാണാൻ കെട്ടിടങ്ങൾക്കു മുകളിലേക്കു പിടിച്ചുകയറി. പ്രായത്തെയും അവശതയെയും വകവയ്ക്കാതെയെത്തിയ ഒട്ടേറെപ്പേർ പ്രിയനേതാവിനെ കണ്ടതിന്റെ സന്തോഷത്തിൽ മതിമറന്നു. സ്ത്രീകളും യുവാക്കളുമടക്കം വൻ ജനക്കൂട്ടമാണു 3 സ്വീകരണകേന്ദ്രങ്ങളിലും പ്രിയങ്ക ഗാന്ധിയെ കാത്തിരുന്നത്. 11.30നാണു മീനങ്ങാടിയിൽ ആദ്യസ്വീകരണം നിശ്ചയിച്ചതെങ്കിലും വഴിയിൽ കാത്തുനിന്നവർക്കിടയിലേക്ക് പ്രിയങ്ക പലതവണ ഇറങ്ങിയതോടെ മീനങ്ങാടിയിലെ യോഗം വൈകി. 1.30ന് സ്ഥാനാർഥി മീനങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രത്യേകം തയാറാക്കിയ വേദിയിലെത്തുമ്പോഴും ജനക്കൂട്ടം ക്ഷമയോടെ കാത്തുനിന്നു.

മാർക്കറ്റ് ജംക്‌ഷനിൽനിന്ന് റോഡ‍് ഷോയായാണു പ്രിയങ്ക വേദിയിലെത്തിയത്. വാഹനത്തിന്റെ ഡോർ പാതിതുറന്ന് പുറത്തേക്കുനിന്ന പ്രിയങ്ക എല്ലാവരെയും ചിരിയോടെ അഭിവാദ്യം ചെയ്തു. വയനാട് മെ‍ഡിക്കൽ കോളജ് ആശുപത്രി ബോർഡിൽ ഒതുങ്ങിയെന്നും യാഥാർഥ്യമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പുനൽകി. ടൂറിസം മേഖലയിൽ വലിയ സാധ്യതകളാണു വയനാടിനുള്ളത്. എങ്കിലും അതു പരമാവധി പ്രയോജനപ്പെടുത്താൻ നമുക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യജീവി ശല്യം പ്രതിരോധിക്കാനും ഇടപെടൽ‌ നടത്തും. രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കാനും തോളോടുതോൾ ചേർന്നു പോരാടും– പ്രിയങ്ക പറഞ്ഞു.

പ്രിയാഭിവാദ്യം... യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വാഹനത്തിലിരുന്ന് പനമരത്ത് നടത്തിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ
പ്രിയാഭിവാദ്യം... യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വാഹനത്തിലിരുന്ന് പനമരത്ത് നടത്തിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: മനോരമ

പനമരത്ത് വലിയപാലത്തിനു സമീപത്തെ വേദിയിൽ മൂന്നരയോടെ പൊതുയോഗം ആരംഭിച്ചു. പനമരം സെന്റ് ജൂഡ് പള്ളി പരിസരത്തുനിന്ന് നേതാക്കൾക്കൊപ്പം വാഹനത്തിൽ പ്രിയങ്ക വേദിയിലേക്കെത്തി.

വേദിക്കു മുന്നിലെ ബേക്കറികളുടെ പേരെടുത്തു പറഞ്ഞ്, നിങ്ങളെപ്പോലുള്ള ചെറുകിട കച്ചവടക്കാരെ ജിഎസ്ടിയുടെ പേരിൽ പീഡിപ്പിക്കുകയാണു കേന്ദ്രസർക്കാർ ചെയ്യുന്നതെന്നു പ്രിയങ്ക പ്രസംഗിച്ചപ്പോൾ സദസ്സിൽ നിറ‍ഞ്ഞ കയ്യടി. ഉരുൾപൊട്ടൽ കാലത്ത് സന്ദർശനം നടത്തിയപ്പോൾ, ദുരിതങ്ങളിൽ പരസ്പരം സഹായിക്കുന്നവരാണു വയനാട്ടുകാരെന്നു മനസ്സിലായി. ജാതിയോ മതമോ തൊഴിലോ നോക്കാതെ പരസ്പരം പിന്തുണ നൽകി. എന്നാൽ, ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല– പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജ്യത്തിന്റെ വിഭവങ്ങൾ അതി സമ്പന്നരെ സഹായിക്കാൻ വേണ്ടി മാത്രം വിനിയോഗിക്കുക, രാജ്യത്തെ വിഭജിക്കുക എന്നീ 2 കാര്യങ്ങളാണ് ബിജെപി സർക്കാർ ചെയ്തുവരുന്നതെന്നു പൊഴുതനയിലെ യോഗത്തിൽ അവർ പറ‍ഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടുന്ന സമൂഹമാണ് ഇവിടെ. അവരുടെ ജോലിയും മികച്ച ഭാവിയും സ്വപ്നം മാത്രമായി. വിദ്യാസമ്പന്നരായിട്ടും യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. വിലക്കയറ്റത്തിൽ സാധാരണ ജീവിതം ഏറെ ദുരിതത്തിലായി. ആസൂത്രണമില്ലാതെ പരിസ്ഥിതി പ്രശ്നം അടക്കമുള്ള നിയമങ്ങൾ അടിച്ചേൽപിക്കുകയാണ്. ജയിച്ചു പോയാൽ പ്രിയങ്ക ഗാന്ധി ഇവിടേക്ക് തിരിഞ്ഞു നോക്കില്ല എന്നു പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ദയവു ചെയ്ത് ഇത്രയും പ്രാവശ്യം ഇങ്ങോട്ട് വരല്ലേ എന്നായിരിക്കും ഇനി നിങ്ങൾ പറയാൻ പോകുന്നത് എന്നും അവർ പറഞ്ഞു. പര്യടനത്തിനുശേഷം വൈത്തിരിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും പ്രിയങ്ക സന്ദർശനം നടത്തി.

വിവിധ കേന്ദ്രങ്ങളിൽ കെ.സി. വേണുഗോപാൽ, ദീപ ദാസ്മുൻഷി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, മൻസൂർ അലിഖാൻ, എ.പി. അനിൽകുമാർ, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.ഡി. അപ്പച്ചൻ, ജെബി മേത്തർ, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്പ്, പി.കെ. ജയലക്ഷ്മി, എം.സി. സെബാസ്റ്റ്യൻ, അബ്ദുല്ല മാടാക്കര, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, മനോജ് ചന്ദനക്കാവ്, കെ. അബ്ദുൽ അസീസ്, വാസു അമ്മാനി, ജോസ് നിലമ്പനാട്ട്, സിനോ പാറക്കാലായിൽ, എബിൻ മുട്ടപ്പള്ളി, കെ.വി. ഉസ്മാൻ, സാജിദ് മൗവ്വൽ, പി. വിനോദ്, കെ.വി. നൗഷാദ്, നാസർ കാദിരി, എം.എം. ജോസ്, കെ.കെ. ഹനീഫ, ടി.കെ.എം. നൗഷാദ്, കെ.ജെ. ജോൺ, സുനീഷ് തോമസ്, സുധ അനിൽ, കെ. ഗീത, നദീറ മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

ത്രേസ്യയെ മറക്കാതെ പ്രിയങ്ക 
നാമനിർദേശപത്രിക നൽകാനായി വയനാട്ടിലേക്കു വരവേ വീട്ടിലേക്കു സ്വീകരിച്ച ബത്തേരി മന്തൊണ്ടിക്കുന്ന് കരുമാൻകുളം ത്രേസ്യയെ വയനാട്ടിലെ അമ്മയെന്നു വിശേഷിപ്പിച്ചു യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ ഇപ്പോഴെനിക്ക് ഒരു അമ്മയുണ്ട്. 

അമ്പലവയൽ ടൗണിനു സമീപം റോഡരികിൽ 2 മാസം പ്രായമുള്ള ജോസഫിൽ പി. ബിനേഷുമായി കാത്തു നിന്ന ജിഷ ബിനേഷിന്റെ കൈകളിൽനിന്ന് കു​ഞ്ഞിനെ പ്രിയങ്ക ഗാന്ധി വാങ്ങിയപ്പോൾ.
അമ്പലവയൽ ടൗണിനു സമീപം റോഡരികിൽ 2 മാസം പ്രായമുള്ള ജോസഫിൽ പി. ബിനേഷുമായി കാത്തു നിന്ന ജിഷ ബിനേഷിന്റെ കൈകളിൽനിന്ന് കു​ഞ്ഞിനെ പ്രിയങ്ക ഗാന്ധി വാങ്ങിയപ്പോൾ.

ആദ്യമായാണു ത്രേസ്യ തന്നെ കാണുന്നതെങ്കിലും മകളെയെന്നപോലെ കെട്ടിപ്പിടിച്ചാണ് അവർ സ്വീകരിച്ചതെന്നും സ്വന്തം അമ്മ കെട്ടിപ്പിടിക്കുന്നതുപോലെയാണു തോന്നിയതെന്നും മീനങ്ങാടിയിലെ യോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

വഴിക്കണ്ണുമായി ജനം; തിരക്കിലേക്കിറങ്ങി പ്രിയങ്ക 
അമ്പലവയൽ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ കാണാൻ വഴിയോരങ്ങളിൽ ആളുകൾ നിറഞ്ഞു. 

അമ്പലവയൽ ടൗണിൽ കാത്തുനിന്ന പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധി.
അമ്പലവയൽ ടൗണിൽ കാത്തുനിന്ന പ്രവർത്തകരുടെ ഇടയിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധി.

നീലഗിരിയിലെ താളൂരിൽ ഇറങ്ങി മീനങ്ങാടിയിലേക്കുള്ള യാത്രയ്ക്കിടെ പലയിടങ്ങളിലായി ജനക്കൂട്ടം പ്രിയങ്കയെ സ്വീകരിച്ചു. ചുള്ളിയോട് ടൗണിൽ കാത്തുനിന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും കന്യാസ്ത്രീകൾക്കും ഇടയിലേക്കെത്തിയ പ്രിയങ്ക അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ഒപ്പം നിന്ന് ഫോട്ടോകൾ എടുക്കുകയും ചെയ്തു. അമ്പലവയൽ ടൗണിൽ എത്തുന്നതിന് മുൻപ് കാത്തു നിന്നിരുന്ന തെ‍ാഴിലാളികളെയും നാട്ടുകാരെയും കണ്ടപ്പോഴും പ്രിയങ്ക വാഹനത്തിൽനിന്നിറങ്ങി. പൂക്കളും ചെടികളുമായിട്ടാണ് ഏറെ പേരും പ്രിയങ്ക ഗാന്ധിയെ വരവേറ്റത്. 

ചിലർ പുസ്തകത്തിൽ ഒ‍ാട്ടോഗ്രാഫുകൾ വാങ്ങി. കൈക്കുഞ്ഞുമായി കാത്തു നിന്ന ജിഷ ബിനേഷിന്റെ കൈയിൽനിന്നു 2 മാസം പ്രായമായ ജോസഫിൽ പി. ബിനേഷിനെ എടുത്ത് താലോലിച്ചു. അമ്പലവയൽ ടൗണിൽ കാത്തു നിന്ന പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിയ പ്രിയങ്ക അവരുടെ ആവേശത്തിൽ പങ്കു ചേർന്നു.

‘ഞാനിടയ്ക്കിടയ്ക്ക് വരും; എപ്പഴും വരല്ലേയെന്ന് പറയുമോ’
∙ മകൻ റെയ്ഹാനെ ബോർഡിങ് സ്കൂളിലാക്കിയ കാലത്ത് ഇടയ്ക്കിടെ കാണാൻ പോകുമായിരുന്നതുപോലെ, തന്റെ കുടുംബാംഗങ്ങളായ വയനാട്ടുകാരെ കാണാൻ ഇടയ്ക്കിടെ വരുമെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മക്കളെ കാണാൻ വരാതിരിക്കരുതെന്ന് മകന്റെ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ, ഞാൻ 4 മാസത്തിലൊരിക്കൽ അവനെ ചെന്നു കാണുമായിരുന്നു. ഇടയ്ക്കിടെ മകനെ കാണാൻ വരണമെന്നു പറഞ്ഞ പ്രിൻസിപ്പൽ ഒടുവിൽ പറഞ്ഞത് ഇത്രയും ചെറിയ ഇടവേളകളിൽ ഇങ്ങോട്ടു വരരുതെന്നാണ്. എന്റെ മകൻ എന്റെ കുടുംബാംഗമാണെന്നതുപോലെയാണ് ഓരോ വയനാട്ടുകാരും. ഇടയ്ക്കിടെ ഞാൻ നിങ്ങളെ കാണാൻ വരും. എന്നാൽ, മകന്റെ പ്രിൻസിപ്പൽ പറഞ്ഞതുപോലെ എപ്പോഴും ഇങ്ങോട്ട് ഓടിവരേണ്ടതില്ലെന്നു നിങ്ങൾ പറയാതിരുന്നാൽ മതി– ചെറുചിരിയോടെ പ്രിയങ്ക പറഞ്ഞു. 

English Summary:

This article highlights the electrifying atmosphere of Priyanka Gandhi's election campaign in Wayanad, Kerala. It covers her interactions with the enthusiastic crowds, her promises to address local issues like farmer struggles and tourism development, and her criticism of the central government's policies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com