വയനാട്ടിൽ ആവേശം വിതറി സത്യൻ മൊകേരിയുടെ പര്യടനം
Mail This Article
മാനന്തവാടി ∙ വൻ ജനക്കൂട്ടത്തിന്റെ ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ മണ്ഡലപര്യടനം തുടരുന്നു. ഇന്നലെ വെള്ളമുണ്ടയിൽ നിന്നാരംഭിച്ച പര്യടനം മാനന്തവാടി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലൂടെ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞിരങ്ങാട് സമാപിച്ചു. കാട്ടിക്കുളം സർവീസ് ബാങ്ക് പടിക്കൽ കാത്തിരുന്ന ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു.കവലയിലെ ഓട്ടോ–ടാക്സി തൊഴിലാളികൾ കൂട്ടത്തോടെയെത്തി പിന്തുണയറിയിച്ചു. തലപ്പുഴ, പനമരം, അഞ്ചുകുന്ന് മേഖലകളിലും സ്ഥാനാർഥി വോട്ടഭ്യർഥന നടത്തി. കാഞ്ഞിരങ്ങാട് നടന്ന സമാപനസമ്മേളനത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു.
എംപിയായി തിരഞ്ഞെടുത്തിട്ടും ദുരന്തം ഉണ്ടായ അത്യാവശ്യ നേരത്ത് വയനാടിനൊപ്പം നിൽക്കാത്ത രാഹുൽ ഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചെന്നും സഹോദരിയെ സ്ഥാനാർഥി ആക്കുന്നതിലൂടെ ജനപക്ഷ എംപിയെ ലഭിക്കാത്ത അവസ്ഥ വയനാടിന് ഉണ്ടാവുമെന്നും സത്യൻ മൊകേരി പറഞ്ഞു. പഴശ്ശിനഗറിൽ നടന്ന എൽഡിഎഫ് കൺവൻഷനിലും പങ്കെടുത്തു.
നേതാക്കളായ എ.എൻ.പ്രഭാകരൻ, വി.കെ.ശശിധരൻ, പി.വി.സഹദേവൻ, നിഖിൽ പത്മനാഭൻ, കെ.ഷിജു, എം.എ.ചാക്കോ, ശോഭ രാജൻ, ആലി തിരുവാൾ, സി.കെ.ശശാങ്കരൻ, ഡാനിയേൽ ജോർജ്, കെ.സുജിത്ത്, കെ.മുരളീധരൻ, ടി.കെ.പുഷ്പൻ, ശശി പയ്യാനിക്കൽ, അനുഷ സുരേന്ദ്രൻ, കെ.രാജൻ എന്നിവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു. എൽഡിഎഫ് മാനന്തവാടി മണ്ഡലം കൺവീനർ എം.പി. സഹദേവൻ, മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.കെ. ശശിധരൻ, നിഖിൽ പത്മനാഭൻ, എ.എൻ. പ്രഭാകരൻ, ടോണി ജോൺ, ശോഭാ രാജൻ, എൻ. സുശീല തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് പൂക്കോട് വെറ്ററിനറി ഫാം, വൈത്തിരി താലൂക്ക് ആശുപത്രി, ചുണ്ടേൽ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, ബാണാസുര ഡാം, പള്ളിക്കുന്ന് പള്ളി, കണിയാമ്പറ്റ, മില്ലുമുക്ക്, കൽപറ്റ എന്നിവിടങ്ങളിൽ പര്യടനം നടത്തും. സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരകേന്ദ്രങ്ങളും സന്ദർശിക്കും.