60 അടി ഉയരത്തിലുള്ള പനയിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
Mail This Article
വെള്ളമുണ്ട∙ 60 അടി ഉയരത്തിലുള്ള പനയുടെ മുകളിൽ കുടുങ്ങിയ കുട്ടിയെ അഗ്നി രക്ഷാ സേന സുരക്ഷിതമായി താഴെയിറക്കി. കൊമ്മയാട് വേലൂക്കര ഉന്നതിയിലെ 12 വയസ്സുകാരനെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ അർധ രാത്രിയോടെ പനയുടെ മുകളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ വലിയ മരത്തിലൂടെയാണ് കുട്ടി പനയിലേക്ക് കയറിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ കോണി, റോപ്പ് എന്നിവ ഉപയോഗിച്ചാണ് കുട്ടിയെ താഴെയിറക്കിയത്. അസി. സ്റ്റേഷൻ ഓഫിസർ പി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ ജോസഫ്, എം. രമേഷ്, പി.കെ. രാജേഷ്, കെ.എം. വിനു, വി.ഡി. അമൃതേഷ്, ആദർശ് ജോസഫ്, ജെ. ജോതിസൺ, ഹോം ഗാർഡുമാരായ ഷൈജറ്റ് മാത്യു, വി.ജെ. രൂപേഷ് എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.