ആരെങ്കിലും കനിവു കാട്ടണം; ഈ ആദിവാസി കുടുംബത്തോട്
Mail This Article
കാവുംമന്ദം∙നിവർന്നു നിൽക്കാൻ പോലും ശേഷിയില്ലാത്ത കുരുന്നുകളുമായി ദുരിത ജീവിതം നയിച്ച് ആദിവാസി കുടുംബം.തരിയോട് പഞ്ചായത്ത് ഒൻപതാം വാർഡിലെ മടത്തുംകുനി ഊരിലെ പ്രജീഷ്–മീന ദമ്പതികളാണ് മക്കളുടെ രോഗാവസ്ഥ കാരണം ജീവിതം തള്ളിനീക്കാനാവാതെ ദുരിതമനുഭവിക്കുന്നത്. കാൽസ്യം കുറവു കാരണം കാലുകൾക്ക് ശേഷിയില്ലാതെ എഴുന്നേറ്റു നിൽക്കാൻ പോലുമാവാത്ത രോഗാവസ്ഥയിലാണ് 9 വയസ്സുകാരി പ്രിനിലയയും 5 വയസ്സുകാരി പ്രത്യുലയയും. ഇവരുടെ രോഗാവസ്ഥയ്ക്കു പുറമേ മഴ പെയ്താൽ പൂർണമായും ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയേണ്ട അവസ്ഥയും ദുരിതം ഇരട്ടിയാക്കുന്നു.
പ്രജീഷ് കൂലിപ്പണിക്കു പോയി കിട്ടുന്ന വരുമാനം മാത്രമാണ് ഇവർക്ക് ഏക ആശ്രയം. കുട്ടികൾക്ക് പോഷക മൂല്യമുള്ള ഭക്ഷണം വാങ്ങി നൽകാനും ചികിത്സയ്ക്കു കൊണ്ടു പോകാനും മാർഗമില്ലാത്ത അവസ്ഥയാണ്. പ്രായമായ 2 അമ്മമാരും മൂത്ത മകനും അടക്കമുള്ള വലിയ കുടുംബത്തിന്റെ ജീവിതച്ചെലവ് നടത്തുന്നതിനും പാടുപെടുകയാണ് പ്രജീഷ്. രോഗികളായ കുട്ടികൾ അടക്കമുള്ള കുടുംബത്തിന് സ്വസ്ഥമായി ഉറങ്ങാൻ ഒരു വീടും കുട്ടികളുടെ ചികിത്സയ്ക്കു ആവശ്യമായ ധനസഹായവും ആവശ്യപ്പെട്ട് പ്രജീഷ് മുട്ടാത്ത വാതിലുകളില്ല.രാത്രി മഴ പെയ്യുമ്പോൾ കുട്ടികളെയും എടുത്ത് മഴ നനയാത്ത ഭാഗത്തേക്കു മാറി ഇരുന്നു നേരം വെളുപ്പിക്കുകയാണ് പതിവെന്ന് മീന പറയുന്നു. വിവിധ സാങ്കേതികത്വം പറഞ്ഞാണ് ഇവർക്കുള്ള സഹായങ്ങൾ നിഷേധിക്കുന്നത്.
കുട്ടികളെ പരിചരിക്കാൻ സ്ഥിരമായി ആൾ വേണ്ടതിനാൽ ജോലിക്കു പോകാതെ മീന ഇവർക്കൊപ്പം തന്നെ കഴിച്ചു കൂട്ടുകയാണ്. കണ്ണു തെറ്റിയാൽ മറിഞ്ഞു വീഴുന്ന അവസ്ഥയായതിനാൽ കുട്ടികളെ തനിച്ചാക്കി ഒരു നിമിഷം പോലും മാറിനിൽക്കാൻ പറ്റില്ല. കുട്ടികളുടെ രോഗാവസ്ഥയും സാമ്പത്തിക ബാധ്യതയും കാരണം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താൻ അധികൃതരുടെ കനിവു കാത്തു കഴിയുകയാണ് കുടുംബം.