ADVERTISEMENT

പുൽപള്ളി ∙ ജില്ലയിൽ ഏറ്റവുമധികം കിഴങ്ങുവിളകൾ ഉൽപാദിപ്പിച്ചിരുന്ന കാർഷിക മേഖലയിലേക്ക് ഇപ്പോൾ ചേമ്പും കപ്പയുമെല്ലാം കർണാടകയിൽ നിന്ന്. ഇഞ്ചി, ചേന, കാച്ചിൽ,കപ്പ, ചേമ്പ് എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെയിപ്പോൾ കാര്യമായ കൃഷിയില്ല. നാണ്യവിളകളുടെ തകർച്ചയെ തുടർന്ന് കർഷകർ ആശ്രയിച്ചിരുന്നത് കിഴങ്ങുവിളകളെയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗശല്യവും കിഴങ്ങുവിളകളെയും ഇല്ലാതാക്കി. കർഷകർക്കു വീട്ടാവശ്യത്തിനുള്ള ചേമ്പും ചേനയും കടയിൽ നിന്നുവാങ്ങേണ്ട അവസ്ഥ.

ഇഞ്ചിക്കൃഷിയാണ് ആദ്യം അതിർത്തി കടന്നത്. അതിനു പിന്നാലെ മറ്റുവിളകളും. ലോഡ് കണക്കിന് കപ്പയും ചേമ്പും മധുരക്കിഴങ്ങും കർണാടകയിൽ നിന്നെത്തുന്നു. ഇഞ്ചിക്കൃഷി ചെയ്ത സ്ഥലത്താണ് ഇവയുടെ നടീൽ. അധിക വരുമാനമെന്നനിലയിൽ ഇഞ്ചിനട്ട സ്ഥലത്ത് വീണ്ടും ഇത്തരം കൃഷിചെയ്യുന്നവർ ധാരാളം. മുള്ളൻകൊല്ലി പഞ്ചായത്തിലെ കർണാടകാതിർത്തിയിലാണ് കാര്യമായ കിഴങ്ങു കൃഷിയുണ്ടായിരുന്നത്. പശിമയാർന്ന കറുത്ത കളിമണ്ണിൽ ഇവ നന്നായിവിളഞ്ഞിരുന്നു.കഴിഞ്ഞ വർഷങ്ങളിലുണ്ടായ വരൾച്ചയിൽ വ്യാപകമായ കൃഷിനാശമുണ്ടായി. വൈറസ് രോഗംബാധിച്ച് ചേന നശിച്ചവർക്ക് നടീലിനുളള വിത്തുപോലും ലഭിച്ചില്ല.

വനാതിർത്തിയിൽ നിന്നു കിലോമീറ്ററുകളകലെയുള്ള കൃഷിയിടങ്ങളിലും കാട്ടുപന്നിയും മാനുകളും താവളമാക്കിയതോടെ ഒന്നും നടാനാവാത്ത അവസ്ഥ. ചേമ്പും ചേനയും നട്ടുമുളയ്ക്കും മുൻപേ കാട്ടുപന്നി അവയെല്ലാം കുത്തിയിളക്കും. ഉൽപാദനം കുറഞ്ഞതിനാൽ വിളകൾക്ക് ഇക്കൊല്ലം മെച്ചപ്പെട്ട വിലയുണ്ട്. ചേന കിലോയ്ക്ക് 50 രൂപയും കാച്ചിലിന് 45 ഉം പച്ചക്കപ്പക്ക് 20 ഉം ചേമ്പിന് 60 രൂപയുമുണ്ട്. രണ്ടാഴ്ചമുൻപ് കാച്ചിലിന് 60 രൂപയുണ്ടായിരുന്നു. ശബരിമല സീസൺ ആരംഭിക്കുന്നതോടെ ഇവയുടെ ചെലവും വിലയുമേറുമെന്നു കർഷകർ പറയുന്നു.

ഇക്കൊല്ലം അതിർത്തി പ്രദേശങ്ങളിൽ മഴകുറഞ്ഞതും ഉൽപാദന നഷ്ടമുണ്ടാക്കി. കർണാടക എച്ച്ഡി കോട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് കാര്യമായി കിഴങ്ങുകൃഷിയുള്ളത്. കർഷകർ പോയതിനു പിന്നാലെ വ്യാപാരികളും അവിടേക്ക് ചേക്കേറി.50 ലധികം വ്യാപാരകേന്ദ്രങ്ങൾ ഹാൻഡ് പോസ്റ്റിലും സമീപ പ്രദേശങ്ങളിലുമുണ്ട്. കേരളത്തിലെ പച്ചക്കറികടകളിലേക്കെല്ലാം ഉൽപന്നമെത്തുന്നത് ആ ഭാഗത്തുനിന്നാണ്.

English Summary:

This article explores the decline of root vegetable cultivation in Pulpally, Kerala, highlighting the impact of climate change, wild animal attacks, and shifting agricultural practices. The article also analyzes the rising prices of these staples and the increasing reliance on imports from Karnataka.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com