യുവാവിന്റെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി
Mail This Article
കൽപറ്റ∙ മാനന്തവാടി അഞ്ചുകുന്ന് സ്വദേശിയായ ആദിവാസി യുവാവ് രതിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്. മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
രതിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യന്ത്രിക്കുൾപ്പെടെ പരാതി നൽകിയെന്ന് രതിന്റെ അമ്മാവൻ ചന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. വകുപ്പ് മന്ത്രിക്കും വിവിധ കമ്മിഷനുകൾക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസുകാർ രതിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. മർദനമേറ്റുവെന്നും വിവരമുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും ചന്ദ്രൻ പറഞ്ഞു.
പോക്സോ കേസിൽപെടുത്തുമെന്ന് പൊലീസ് ഭീഷണി മുഴക്കിയതിന്റെ മനോവിഷമത്തിലാണ് രതിൻ (24) പുഴയിൽ ചാടി ജീവനൊടുക്കിയത്. ശനിയാഴ്ച 5 മണിയോടെയാണ് രതിനെ കാണാതായത്. അന്വേഷണത്തിൽ ചേര്യംകൊല്ലി പുഴയ്ക്കുസമീപം ഓട്ടോ കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിനു സമീപം പുഴയിൽനിന്ന് ഞായറാഴ്ച 11 മണിയോടെ പനമരം സിഎച്ച് റെസ്ക്യു ടീമംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിൽ ചാടുന്നതിനുമുൻപ് മരിക്കാൻപോവുകയാണെന്ന് അറിയിച്ച് രതിൻ സഹോദരി രമ്യക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തിലാണ് പൊലീസ് പോക്സോ കേസിൽപ്പെടുത്തിയെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും പെൺകുട്ടിയുമായി സംസാരിച്ചതിനാണ് കേസ് ചുമത്തിയതെന്നും പറയുന്നത്.
എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താക്കീതു നൽകുക മാത്രമാണ് ഉണ്ടായതെന്നും കമ്പളക്കാട് പൊലീസ് പറഞ്ഞു. പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനുള്ള വകുപ്പാണ് ചുമത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.