ചൂരൽമല– മുണ്ടക്കൈ മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പതിവു പോലെയല്ല
Mail This Article
ചൂരൽമല ∙ ഇങ്ങനെയൊരു തിരഞ്ഞെടുപ്പുകാലം ചൂരൽമല– മുണ്ടക്കൈക്കാരുടെ അനുഭവത്തിലില്ല. പ്രചാരണത്തിനും വോട്ടെടുപ്പിനുമെല്ലാം പുതുരീതികൾ. സ്ഥാനാർഥികൾ എത്തിയാലും നേരിൽക്കണ്ടു വോട്ടഭ്യർഥന നടത്താൻ വോട്ടർമാരില്ലാത്ത വാർഡുകളായി മുണ്ടക്കൈയും ചൂരൽമലയും മാറി. ബെയ്‌ലി പാലത്തിനടുത്തു വരെ വന്ന് ഫോട്ടോയെടുത്തു മടങ്ങുകയാണു സ്ഥാനാർഥികൾ. പുത്തുമലയിലെ പൊതുശ്മശാനത്തിലും അവരെത്തും.
ദുരന്തത്തിന്റെ മറക്കാനാകാത്ത വേദനയ്ക്കിടയിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ചൂരൽമലയിൽ സജീവമാണ്. ഉരുൾപൊട്ടലിൽ ഭാഗികമായി നശിച്ച കടമുറികളിലൊന്നിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെയും സത്യൻ മൊകേരിയുടെയുമെല്ലാം വോട്ടഭ്യർഥനയുമായി ഫ്ലെക്സ് ബോർഡുകളും ടൗണിലുണ്ട്. കൽപറ്റ, മേപ്പാടി, മുട്ടിൽ തുടങ്ങി പലയിടങ്ങളിലായി വാടകവീടുകളിൽ താമസിക്കുന്ന വോട്ടർമാരെ നേരിൽകണ്ടാണു പ്രചാരണം.
ഒരൊറ്റ ബൂത്തിലെ വോട്ടർമാരെ തേടി പല പഞ്ചായത്തുകളിൽ പരന്നുകിടക്കുന്ന വീടുകളിലേക്കാണ് സ്ക്വാഡ് പ്രവർത്തകർ എത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങൾ ഇടയ്ക്കിടെ നടക്കാറുണ്ടെന്ന് യുഡിഎഫ് വാർഡ് കമ്മിറ്റി ചെയർമാൻ നജ്മുദ്ദീൻ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലുള്ള വോട്ടർമാരും 13നു ബൂത്തുകളിലെത്തും. ചൂരൽമല, അട്ടമല വാർഡുകളിലുള്ളവർ ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ 2 ബൂത്തൂകളിലാണെത്തുക. മുണ്ടക്കൈക്കാർക്കായി മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ്.