ADVERTISEMENT

പുൽപള്ളി ∙ ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താൻ രാഹുൽഗാന്ധിക്ക് ധൈര്യവും ഊർജവും ലഭിച്ചത് വയനാട്ടുകാരുടെ പിന്തുണ കൊണ്ടാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കഗാന്ധി. വിനോദസഞ്ചാരഭൂപടത്തിൽ സ്ഥാനംപിടിച്ച മനോഹരസ്ഥലമാണെങ്കിലും വയനാട്ടുകാർ നിരവധി പ്രശ്നങ്ങളെ നേരിടുന്നു. ബഫർസോൺ പ്രശ്നവും വന്യമൃഗശല്യവും ജനങ്ങളെ അലട്ടുന്നു. വൈവിധ്യമായ കാർഷിക സംസ്കാരമുള്ള ജില്ലയിലെ കൃഷിമേഖല സംരക്ഷിക്കപ്പെടണമെന്നും പുൽപള്ളിയിലും പാടിച്ചിറയിലും തിരഞ്ഞെടുപ്പുയോഗങ്ങളിൽ അവർ പറഞ്ഞു. ചികിൽസ, ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്ത എന്നിവ മുഖ്യപ്രശ്നങ്ങളാണ്. ചുരംറോഡ്, ബദൽപാത, ബൈരക്കുപ്പ പാലം എന്നിവയെല്ലാം ഇവിടുത്തുകാരുടെ ആഗ്രഹങ്ങളാണ്. ഗോത്രമേഖലയിലെ അടിസ്ഥാന വികസനം, തൊഴിലുറപ്പിലെ കൂലികുറവ് എന്നിവയും ജനം നേരിടുന്ന പ്രശ്നങ്ങളാണെന്നു മനസിലായി.

താൻ തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനു മാർഗരേഖ തയാറാക്കും. ജനങ്ങളുടെ ആഗ്രഹം മനസിലാക്കി അതു തയാറാക്കുമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. കൂട്ടായ ശ്രമത്തിലൂടെ വയനാടിനെ മുന്നാക്ക പ്രദേശമാക്കിമാറ്റണമെന്നാണ് ആഗ്രഹം. സ്ഥാനാർഥിയെ കാണാൻ ഉച്ചവെയിലും അതിനുശേഷമുണ്ടായ ചാറൽമഴയും അവഗണിച്ചും സ്ത്രീകളടക്കം നിരവധിയാളുകളെത്തിയിരുന്നു. പര്യടനം വൈകിയതിനാൽ ഉച്ചഭക്ഷണം പോലും കഴിക്കാതെയാണ് ആളുകൾ പാതയോരങ്ങളിൽ തടിച്ചുകൂടിയത്. പാടിച്ചിറയിൽ നിന്നു മടങ്ങുംവഴി പുൽപള്ളി പഴശ്ശിരാജാ കോളജിലെത്തി വിദ്യാർഥികളുമായി സ്നേഹം പങ്കിട്ടു. ഡീൻ കുര്യാക്കോസ് എം.പി, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ, കെപിസിസി സെക്രട്ടറി എം.എൻ.ഗോപി, കെ.എൽ.പൗലോസ്, സംഷാദ് മരക്കാർ, ജനപ്രതിനിധികൾ, ഘടകകക്ഷി നേതാക്കൾ എന്നിവരുമുണ്ടായിരുന്നു.

അവശ്യ സർവീസ് വോട്ടർമാർക്ക് 8 മുതൽ വോട്ട് ചെയ്യാം
കൽപറ്റ ∙ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട അവശ്യ സർവീസ് ജീവനക്കാർക്കു വോട്ട് ചെയ്യാൻ ബത്തേരി താലൂക്ക് ഓഫിസിൽ പ്രത്യേകം പോളിങ് ബൂത്ത് സജ്ജമാക്കിയതായി ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ അറിയിച്ചു. ബത്തേരി എൽഎസി പരിധിയിലെ അവശ്യ സർവീസിൽ ഉള്ളവർ, പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ വോട്ടർമാർ എന്നിവർ  8 മുതൽ 10 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തിരിച്ചറിയൽ രേഖയുമായി ബൂത്തിലെത്തി വോട്ട് ചെയ്യണം.

ഹോം വോട്ടിങ് 9ന് ആരംഭിക്കും
കൽപറ്റ ∙ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു കൽപറ്റ നിയോജക മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റിന് അർഹരായ സീനിയർ സിറ്റിസൻ, ഭിന്നശേഷി വോട്ടർമാർക്ക് 9 മുതൽ ഹോം വോട്ട് സൗകര്യം ഒരുക്കുന്നു. പോളിങ് ഉദ്യോഗസ്ഥർ 9, 10, 11 തീയതികളിൽ സമ്മതിദായകരുടെ വീടുകളിലെത്തി പോസ്റ്റൽ വോട്ടിങ് നടത്തും. കൽപറ്റ നിയോജക മണ്ഡലത്തിലെ അവശ്യ സർവീസ് ജീവനക്കാർക്ക് കൽപറ്റ സരളാദേവി മെമ്മോറിയൽ എൽപി സ്‌കൂളിൽ തയാറാക്കിയ പോസ്റ്റൽ വോട്ടിങ് സെന്ററിൽ 8 മുതൽ 10 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതായി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ അറിയിച്ചു.

English Summary:

Priyanka Gandhi campaigns in Wayanad for the Lok Sabha by-election, focusing on local concerns like wildlife conflicts and lack of infrastructure. She promises development and highlights Rahul Gandhi's connection to the region through the Bharat Jodo Yatra. The article also details essential service and home voting procedures for the election.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com