കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുന്നു: മുഖ്യമന്ത്രി
Mail This Article
കൽപറ്റ ∙ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ദുരന്തമുണ്ടായിട്ടും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്.മന്ത്രിസഭയും പാർലമെന്റ്, നിയമസഭാംഗങ്ങളും എൽഡിഎഫ് നേതാക്കളും ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പല സംസ്ഥാനങ്ങളും അതിനൊപ്പം ചേരാൻ തയാറായി. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നു പറയാൻ വിവിധ ദേശീയ നേതാക്കൾ എത്തി എന്നാൽ, ആ വേദിയിലേക്ക് കോൺഗ്രസ് വന്നില്ല. കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെയും ക്ഷണിച്ചു. പക്ഷേ, വരാൻ തയാറായില്ല.
തിക്തഫലം ഒരുപാടുണ്ടെങ്കിലും ബിജെപി അണിയുന്ന ആടയാഭരണങ്ങൾ സ്വയം അണിയാൻ സാധിക്കുമോ എന്നാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തു നടപ്പാക്കുന്ന ഉദാരവൽക്കരണ നയത്തിൽ നിന്നു വ്യത്യസ്‌തമാണ് എൽഡിഎഫ് സർക്കാരിന്റെ നയം. കോൺഗ്രസ് കൊണ്ടുവന്ന ഉദാരവൽക്കരണ നയം ഇപ്പോൾ ശക്തമായി നടപ്പാക്കുന്നത് ബിജെപിയാണ്. അതിനാൽ ആ നയം തെറ്റായെന്നു കോൺഗ്രസിനു പറയാൻ കഴിയുന്നില്ല. ഫെഡറലിസത്തെ തകർക്കുന്ന നയത്തിനെതിരെ കോൺഗ്രസിനു പ്രതികരണമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാർ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ.രാജൻ, സ്ഥാനാർഥി സത്യൻ മൊകേരി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ ഒ.ആർ.കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, പി.പ്രസാദ്, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്‌ണൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ, വാഴൂർ സോമൻ എംഎൽഎ, സി.കെ.ആശ എംഎൽഎ, കെ.ജെ.ദേവസ്യ, പി.ജയരാജൻ, കെ.പ്രകാശ് ബാബു, സി.എൻ.ശിവരാമൻ, എ.പി.അഹമ്മദ്, കെ.പി.ശശികുമാർ, പി.വസന്തം, ഷാജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
പുനരധിവാസത്തിൽ ആശങ്ക വേണ്ട
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ശരിയായ അർഥത്തിൽ നടപ്പാക്കുമെന്നും അതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളുമുണ്ടാകും. കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എല്ലാവരെയും ചേർത്തുപിടിക്കുന്ന നയമാണ് ഇടതുസർക്കാരിന്റേത്. കേരളത്തിന് ഒരുപാട് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം ലോകത്തിനു മാതൃകയാകുന്ന തരത്തിൽ കേരളത്തിലെ ജനം ഒരുമിച്ചു നിന്നു.