പ്രിയങ്കയുടെ ശബ്ദം മോദിയെ ഭയപ്പെടുത്തും: വിനേഷ് ഫോഗട്ട്
Mail This Article
കാക്കവയൽ ∙ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധിയായിരുന്നുവെന്ന് ഒളിംപ്യൻ വിനേഷ് ഫോഗട്ട് എംഎൽഎ പറഞ്ഞു. കാക്കവയലിൽ യുഡിഎഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല.
സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു. സ്ത്രീപക്ഷ നിലപാടിൽ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. പ്രിയങ്ക ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ പാർലമെന്റിൽ ഉയരുന്നത് നരേന്ദ്ര മോദിയെ ഉൾപ്പെടെ ഭയപ്പെടുത്തും. അതിന് വലിയ ഭൂരിപക്ഷത്തോടെ അവരെ വിജയിപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
‘സമൂഹത്തിലെ അനീതിക്കെതിരായി പോരാടണം’
∙ വ്യക്തിപരമായ നഷ്ടങ്ങൾ മറികടന്ന് സമൂഹത്തിലെ അനീതികൾക്കെതിരായി പോരാടണമെന്ന് ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയും ഒളിംപ്യനുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബത്തേരി സെന്റ് മേരീസ് കോളജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ടപ്പോൾ താനും മുറിക്കുള്ളിലിരുന്ന് കരഞ്ഞിട്ടുണ്ടെന്നും എന്നാൽ തന്നോട് തന്നെ പോരാടി പ്രതിസന്ധിഘട്ടത്തെ മറികടക്കുകയായിരുന്നുവെന്നും വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. സ്ത്രീകൾ ഒറ്റക്കെട്ടായ നിലപാടുകളെടുക്കുമ്പോൾ അതിനൊപ്പം വാശിയോടെ പൊരുതണമെന്ന് ഗുസ്തി താരങ്ങൾക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷണെതിരായ പ്രതിഷേധ സമരത്തെ പരാമർശിച്ച് വിനേഷ് ഫോഗട്ട് പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് വിനേഷ് ഫോഗട്ടിനെ സ്വീകരിച്ചത്.
പ്രിയങ്ക മത്സരിക്കുന്നതിൽ അനൗചിത്യം: സന്തോഷ് കുമാർ എംപി
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിൽ അനൗചിത്യം ഉണ്ടെന്ന് പി. സന്തോഷ്‌കുമാർ എംപി. വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ് പ്രസ്' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കുക വഴി 2024 പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി നടത്തിയ മുന്നേറ്റത്തിന്റെ നിറമാണ് കോൺഗ്രസ് കെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിൽ അടക്കം ബിജെപിയുടെ വളർച്ചയെ ആശങ്കയോടെയാണ് സിപിഐ കാണുന്നത്.
ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തിയത്. സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് സിപിഐയും ഇടതുമുന്നണിയും ഏറ്റെടുത്തത്. കാര്യങ്ങൾ വ്യക്തമായി പറഞ്ഞാണ് ഇടതുമുന്നണി വോട്ടർമാരെ സമീപിക്കുന്നത്. ഇതാണ് സിപിഐ എന്തിനു മത്സരിക്കുന്നുവെന്ന ചോദ്യത്തിനു മറുപടി. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണുകയാണ് ബിജെപി സർക്കാർ. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വിനിയോഗിക്കുന്നതിനുള്ള സഹായം കേന്ദ്രം പ്രഖ്യാപിക്കാത്തതിനു പിന്നിൽ രാഷ്ട്രീയമാണെന്നും പി.സന്തോഷ്കുമാർ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഒപ്പമുണ്ടായിരുന്നു. നിസാം കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജോമോൻ ജോസഫ്, എം.കമൽ എന്നിവർ പ്രസംഗിച്ചു.