ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും പ്രത്യേക സഹായം അനുവദിക്കില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്‌. ദുരന്തം നടന്ന്‌ 112 ദിവസം കഴിഞ്ഞിട്ടും സഹായം അനുവദിക്കാതെ കേന്ദ്രം ദുരന്തബാധിതരോടു ക്രൂരത കാണിക്കുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലയിലെത്തി പറഞ്ഞതു ദുരന്തനിവാരണത്തിന്‌ പണം തടസ്സമാകില്ലെന്നാണ്. ഇതു വഞ്ചനയാണെന്നു തെളിഞ്ഞു. ദുരന്തബാധിതരായ കുട്ടികളെ ഉൾപ്പെടെ താലോലിച്ച്‌ ഫോട്ടോ ഷൂട്ട്‌ നടത്തി പ്രധാനമന്ത്രി മടങ്ങി.  മുന്നൂറോളം മനുഷ്യർ മരിച്ച മഹാദുരന്തത്തെ രാഷ്‌ട്രീയമായി കണ്ട്‌ കേരളത്തെ അവഗണിക്കുന്നത്‌ മനുഷ്യത്വത്തിന്‌ നിരക്കുന്നതല്ല. ആന്ധ്രപ്രദേശും ത്രിപുരയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു മുൻകൂറായി സഹായം നൽകുമ്പോഴാണ്‌ കേരളത്തോടുള്ള അവഗണന. സമാനതകളില്ലാത്ത ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുകയാണ്‌.  അർഹമായ സഹായം തടഞ്ഞ്‌ ഇതെല്ലാം തകർക്കാനുള്ള ശ്രമമാണ്‌ കേന്ദ്രസർക്കാരിന്റേതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ഇന്ന് എൽഡിഎഫ് നൈറ്റ്‌ മാർച്ചും പ്രതിഷേധ സംഗമവും  
കൽപറ്റ ∙ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി പ്രത്യേക സഹായം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്നു ജില്ലയിലെ നിയമസഭാ മണ്ഡല കേന്ദ്രങ്ങളിൽ നൈറ്റ്‌ മാർച്ചും പ്രതിഷേധ സംഗമവും നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ വൈകിട്ട്‌ 6 മുതൽ 8വരെയാണ്‌ പ്രതിഷേധ സംഗമം. കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിലപാടുകൾ ക്രൂരവും വഞ്ചനയുമാണെന്ന്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു. ദുരന്തം നടന്നശേഷം ജില്ലയിലെത്തിയ പ്രധാനമന്ത്രി എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്‌താണു മടങ്ങിയത്‌. ഫോട്ടോ ഷൂട്ടിനും മാധ്യമ ശ്രദ്ധയ്‌ക്കും വേണ്ടി മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ്‌ ഇപ്പോൾ തെളിയുന്നത്‌. ദുരന്തബാധിതരോടും കേരളത്തിലെ മനുഷ്യരോടും കേന്ദ്രസർക്കാരിന്‌ പ്രതിബദ്ധതയുമില്ലെന്ന്‌ ആവർത്തിച്ച്‌ തെളിയിക്കുകയാണെന്നും കുറ്റപ്പെടുത്തി.

കേന്ദ്ര നിലപാട് ദുരന്തബാധിതരെ അധിക്ഷേപിക്കുന്നത്: ടി.സിദ്ദീഖ്
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന ആഭ്യന്തര സഹമന്ത്രിയുടെ കത്ത് കേരളത്തെയും ദുരന്തബാധിതരെയും അധിക്ഷേപിക്കുന്നതാണെന്നും കേന്ദ്രസർക്കാരിനു വയനാടിനോടുള്ളതു മനുഷ്യത്വരഹിതമായ സമീപനമാണെന്നും ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം നടന്നപ്പോൾ രക്ഷകർത്താവിനെ പോലെ പെരുമാറിയ പ്രധാനമന്ത്രി അന്നു കൂടെയുണ്ടെന്നാണു പറഞ്ഞത്. നല്ല നടനാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. ദേശീയ ദുരന്തം എന്ന വാക്ക് ഉപയോഗിച്ച് സഹായം നിഷേധിക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. കേരള നിയമസഭ പ്രമേയം പാസാക്കിയത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ്.

ലോക ബാങ്ക് പോലെയുള്ള രാജ്യാന്തര സംഘടനകളിൽനിന്നു സഹായം ആവശ്യപ്പെടാൻ കേരളത്തിനു സാധിക്കണമെങ്കിൽ കേന്ദ്രം ഈ പ്രഖ്യാപനം നടത്തണം. സഹായിക്കുകയുമില്ല, മറ്റുള്ളവർ സഹായം നൽകാൻ സമ്മതിക്കുകയുമില്ലെന്ന ഹീനവും പ്രാകൃതവുമായ നടപടിയാണിത്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടിയും കേന്ദ്രം ഇതുവരെ സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. എല്ലാ വർഷവും ലഭിക്കുന്ന ദുരന്ത നിവാരണ ഫണ്ടിന്റെ പേരു പറഞ്ഞ് പ്രത്യേക സഹായം നിഷേധിക്കുകയാണ്. സംസ്ഥാന സർക്കാരുമായി ചേർന്ന് ശക്തമായ പ്രക്ഷോഭവും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നടപടി അപലപനീയം: സംഷാദ്  മരക്കാർ
കൽപറ്റ  ∙ മുണ്ടക്കെ, ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. ദുരന്തത്തെക്കുറിച്ചു പഠനം നടത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച രണ്ട് സമിതികൾക്ക് മുൻപിലും കൃത്യമായി അതിതീവ്ര ദുരന്തത്തിന്റെ ഗണത്തിൽ പെടുത്തണമെന്നുള്ള  ആവശ്യം ഉന്നയിച്ചിരുന്നു. അതിതീവ്ര ഗണത്തിൽ പെടുത്തിയിരുന്നെങ്കിൽ  ദുരന്തബാധിത പ്രദേശത്തെ ആളുകൾക്ക് സഹായം എത്തിക്കുന്നതിനും പുനർനിർമാണപ്രക്രിയയിലും രാജ്യത്തെ എല്ലാ എംപിമാർക്കും അവരുടെ എംപി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഈ സാധ്യതയാണ് കേന്ദ്രസർക്കാർ ഇല്ലാതെയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

The CPM District Secretariat condemns the Central Government's inaction and refusal to declare the Mundakkai-Chooralmala landslide a national disaster. Despite the Prime Minister's assurances of support, no special assistance has been provided, leaving the victims struggling 112 days later. The Secretariat criticizes the political neglect of Kerala while highlighting the prompt aid given to other states facing similar disasters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com