റിട്ടേൺസ്...? കടുവക്കുടുംബം തിരികെ ആനപ്പാറയിലെത്തിയതായി സൂചന
Mail This Article
ആനപ്പാറ ∙ കടുവക്കുടുംബം തിരികെ ആനപ്പാറയിലെത്തിയതായി സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ കടുവക്കുടുംബത്തെ കണ്ടതായും അമ്മക്കടുവയുടേതിനും കുട്ടിക്കടുവകളുടേതിനും സമാനമായ കാൽപാടുകൾ പ്രദേശത്ത് പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, ഇക്കാര്യത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. കടുവക്കുടുംബത്തിന്റെ ദൃശ്യം വനംവകുപ്പിന്റെ ക്യാമറാ ട്രാപ്പുകളിൽ പതിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.
2 ദിവസം മുൻപ് ആനപ്പാറ അത്തിമരത്തിനു സമീപം കടുവയെ കണ്ടതായി നാട്ടുകാരൻ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, കടുവയല്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.കടുവക്കുടുംബം വീണ്ടുമെത്തിയെന്ന പ്രചാരണം ശക്തമായതോടെ ആനപ്പാറ വീണ്ടും ആശങ്കയിലായി. കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ 'റോയൽ സ്ട്രൈപ്സ്' ദൗത്യം 22-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ആനപ്പാറ എസ്റ്റേറ്റിലും പരിസരങ്ങളിലും കറങ്ങിനടക്കുന്ന കടുവക്കുടുംബത്തെ പിടികൂടാനായി കഴിഞ്ഞ 28നാണു മൈസൂരുവിൽ നിന്നു കൂറ്റൻ കൂട് (വാക് ത്രൂ കേജ്) ആനപ്പാറയിലെത്തിച്ചത്.
തുടർന്ന് കടുവകളെ ആകർഷിക്കാനായി, കടുവകൾ കൊന്ന പശുവിന്റെ ജഡം കൂടിന്റെ ഒരുഭാഗത്തായി സൂക്ഷിക്കുകയും ചെയ്തു. ആദ്യം ജഡം ഭക്ഷിക്കാനായി അമ്മക്കടുവയും പിന്നാലെ കുട്ടിക്കടുവകളും എത്തുമെന്നുമായിരുന്നു വനംവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, കടുവക്കുടുംബം അന്നു കൂടിന്റെ പരിസരത്തേക്കു എത്തിയില്ല. കടുവക്കുടുംബത്തെ നിരീക്ഷിക്കാനായി ആനപ്പാറയുടെ വിവിധ ഭാഗങ്ങളിലായി 3 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറകളും സ്ഥാപിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടു കടുവക്കുടുംബത്തിന്റെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞിട്ടില്ല. ഇതിനിടെ, കഴിഞ്ഞ 29ന് ആനപ്പാറയ്ക്ക് സമീപം ആൺകടുവയുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചു. ഇതോടെയാണു കടുവക്കുടുംബം ആനപ്പാ റയിൽ നിന്നു നീങ്ങാൻ തുടങ്ങിയത്. ഇതിനിടെ, പല ദിവസങ്ങളിലായി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടങ്ങളും ആനപ്പാറയിലെത്തി.
കടുവകളുടെ സാന്നിധ്യമില്ലാത്തതിനാലാണു കാട്ടാനകൾ കുട്ടികളെയും കൂട്ടി ആനപ്പാറയിലെത്തിയതെന്നായിരുന്നു വിലയിരുത്തൽ. അതേസമയം, കടുവക്കുടുംബം താമസിയാതെ കൂട്ടിൽ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കടുവക്കുടുംബത്തിനെ നീക്കങ്ങൾ മനസ്സിലാക്കാനായി വനംവകുപ്പ് ക്യാമറാ ട്രാപ്പുകൾ ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കുന്നുമുണ്ട്. 24 മണിക്കൂറും ആനപ്പാറയിൽ വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നുണ്ട്.