ഉരുൾപൊട്ടൽ നിസ്സാരവൽക്കരിച്ച് പ്രസ്താവന; വി.മുരളീധരനെതിരെ വ്യാപക പ്രതിഷേധം
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ നിസ്സാരവൽക്കരിച്ചുള്ള മുൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഉരുൾപൊട്ടൽ ഒരു പഞ്ചായത്തിലെ 3 വാർഡുകളിലല്ലേ ബാധിച്ചുള്ളു എന്നായിരുന്നു തിരുവനന്തപുരത്തു വച്ചുള്ള വി.മുരളീധരന്റെ പരാമർശം. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
വൈകാരികമായി പ്രസംഗിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ജില്ലയിൽ എൽഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇന്നലെ വൈകിട്ടോടെ കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ വി.മുരളീധരന്റെ കോലം കത്തിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അറിയിച്ചതിനു പിന്നാലെയാണ് വി.മുരളീധരന്റെ പരാമർശം കൂടി വരുന്നത്. ഇതോടെ പ്രതിഷേധത്തിനും അമർഷത്തിനും ആക്കം കൂടിയിട്ടുണ്ട്.
ബിജെപിയുടെ തനിനിറം വ്യക്തമായി; ടി.സിദ്ദീഖ്
∙ ബിജെപിയുടെ തനിനിറം വി.മുരളീധരനിലൂടെ പുറത്തുവന്നെന്ന് ടി.സിദ്ദീഖ് എംഎൽഎ. സർവതും നഷ്ടപ്പെട്ട ജനതയെ സംരക്ഷിക്കുന്നതിനു പകരം വാക്കുകളിലൂടെ അവരെ വീണ്ടും വേദനിപ്പിക്കുന്നത് ഹീനമായ നടപടിയാണ്. ദുരന്തബാധിതരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച സമീപനത്തിന്റെ തുടർച്ചയാണു വി. മുരളീധരന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
മാപ്പ് പറയണം; സി.കെ.ശശീന്ദ്രൻ
∙ ദുരന്തബാധിതരെ അപമാനിച്ച ബിജെപി നേതാവ് വി.മുരളീധരൻ മാപ്പുപറയണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പറഞ്ഞു. നിസ്സാര ദുരന്തമായിരുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിന് നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌തതെന്ന് മറുപടി പറയണം. സംസ്ഥാനത്തോടുള്ള ബിജെപിയുടെ രാഷ്‌ട്രീയ വിവേചനമാണ് പുറത്തുവരുന്നത്.
മലയാളികളെ അപഹസിക്കുന്ന നടപടി; ഇ.ജെ.ബാബു
∙ മുണ്ടക്കൈ–ചൂരൽമല ദുരന്ത വ്യാപ്തിയെ കുറച്ച് കാണുന്ന രീതിയിൽ പ്രസ്താവന നടത്തുന്ന ബിജെപി നേതാവിന്റെ നടപടി മലയാളികളെ അപമാനിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് നടന്നത്. എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കേണ്ടത് മനസാക്ഷിയുളളവരുടേയും സർക്കാരുകളുടേയും ഉത്തരവാദിത്തമാണ്.
വി.മുരളീധരന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ
∙ ദുരന്തബാധിതരെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വൈകിട്ട് വി.മുരളീധരന്റെ കോലം കത്തിച്ചു. വിവാദ പ്രസ്താവന തിരുത്തി ദുരന്തബാധിതരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അറിയിച്ചു. ഗൗതം ഗോകുൽദാസ്, ഡിന്റോ ജോസ്, സാലി റാട്ടക്കൊല്ലി, ടിയാ ജോസ്, ബേസിൽ ജോർജ്, യാസിൻ പഞ്ചാര, തനുദേവ് കൂടംപൊയിൽ, ഹംസക്കോയ തുടങ്ങിയവർ നേതൃത്വം നൽകി.