മില്ലുമുക്ക് –ചാത്തുപ്പടി റോഡിൽ മെല്ലെപ്പോക്കും നടക്കില്ല
Mail This Article
കണിയാമ്പറ്റ∙ പഞ്ചായത്തിലെ മില്ലുമുക്ക് – വെള്ളച്ചിമൂല – ചാത്തുപ്പടി റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു ഗതാഗതയോഗ്യമല്ലാതായതോടെ യുഡിഎഫിനെ കളിയാക്കി പാതയോരത്ത് ബോർഡ് സ്ഥാപിച്ചു. എംപിയും എംഎൽഎയും ത്രിതല പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. എന്നിട്ടും ചാത്തുപ്പടി റോഡിന്റെ അവസ്ഥ ദയനീയം.വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലെ വൻകുഴികളിൽ ചെറിയൊരു മഴ പെയ്താലും വെള്ളക്കെട്ടാകുന്ന അവസ്ഥയാണുള്ളത്.
ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ പള്ളിക്കുന്ന് പള്ളിയിലേക്ക് പോകുന്ന റോഡിൽ മില്ലുമുക്ക് മുതൽ ചാത്തുപ്പടി വരെയുള്ള 500 മീറ്ററോളം പൂർണമായും തകർന്നു. വിനോദ സഞ്ചാര പദ്ധതിയിലുൾപ്പെടുത്തി റോഡ് നന്നാക്കുമെന്ന് പറയുന്നുണ്ടെങ്കിലും റോഡിലെ വൻകുഴികൾ പോലും നികത്താനുള്ള നടപടിയില്ല. പള്ളിക്കുന്ന് പള്ളി തിരുനാളിന് ബൈപാസ്
ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രമായ പള്ളിക്കുന്ന് പള്ളിയിലേക്ക് മില്ലമുക്ക്, ചുണ്ടക്കര വഴിയാണ് പനമരം ഭാഗത്തുനിന്ന് വരുന്നവർ സഞ്ചരിക്കുന്നത്. ഈ റോഡിൽ മില്ലുമുക്ക് മുതൽ ചാത്തുപ്പടി ജംക്‌ഷൻ വരെ റോഡ് പൂർണമായും തകർന്നതിനാൽ റോഡിലെ വൻകുഴികളിൽ ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾ മറിയുന്നത് പതിവാണ്. വാഹനം മറിഞ്ഞ് അപകടത്തിൽ പെടുന്നവരെ രക്ഷിക്കലാണ് പാതയോരത്തെ കുടുംബങ്ങളുടെ സ്ഥിരം പരിപാടി. റോഡിലെ വൻകുഴികളെങ്കിലും നികത്തിയാൽ ഇതിനൊരു പരിഹാരമാകുമെന്ന് നടുവിൽമുറ്റം ജോസ് ചാത്തുപ്പടി പറയുന്നു.