കടുവയിൽ കിടുങ്ങി ചെതലയം ഗ്രാമം
Mail This Article
ബത്തേരി∙ കടുവാപ്പേടിയിൽ കഴിയുകയാണ് വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ചെതലയം ഗ്രാമം. വടക്കനാടിനും കുറിച്യാടിനും സമീപത്തെ കാടുകളിൽ നിന്നാണ് കടുവ ചെതലയത്തെ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. പടിപ്പുര നാരായണന്റെ രണ്ടു പശുക്കളെയാണ് 6 മാസത്തിനിടെ കടുവ പിടിച്ചത്. മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം.
പശുക്കളെ പിടികൂടിയ കടുവ പ്രദേശത്തു തന്നെ കറങ്ങി നടക്കുകയാണെന്നു നാട്ടുകാർ പറയുന്നു.പലയിടത്തായി പലരും പകൽസമയങ്ങളിൽ പോലും കടുവയെ കണ്ടു. പാൽ, പത്രം, എന്നിവ വിതരണം ചെയ്യുന്നവരും പുലർച്ചെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്നവരും അങ്കലാപ്പിലാണ്. ആനശല്യം രൂക്ഷമായ ചെതലയം പ്രദേശത്ത് കടുവയും എത്തിയതോടെ പേടികൂടാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന കടുവകളെ പിടികൂടി പാർപ്പിക്കുന്ന നാലാംമൈൽ അനിമൽ ഹോസ്പേസ് സെന്ററിൽ സ്ഥമില്ലാത്തതാണ് പുതിയവയെ കൂടുവച്ചു പിടിക്കാത്തതെന്നാണ് അറിയുന്നത്. സെന്ററിൽ ഇപ്പോൾ 7 കടുവകളാണ് ഉള്ളത്. സെന്ററിനോട് ചേർന്ന് പുതിയ ഒരു യൂണിറ്റ് കൂടി ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല.