ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തഭൂമിയിൽ മോഷണം വ്യാപകം. ചൂരൽമല വില്ലേജ് ഓഫിസ് റോഡിലെ ദുരന്തബാധിത വീടുകളിലാണ് മോഷണം നടക്കുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ മേഖലകളിലെ തകർന്ന വീടുകളിൽ നിന്നുള്ള സാധനങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞത് ഇൗ മേഖലയിലാണ്. ഇവയിൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇപ്പോൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു.

 തകർന്ന വാഹനങ്ങൾ അടക്കം കാണാതായിട്ടുണ്ട്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്ത പ്രദേശമാണിത്. ആൾതാമസമില്ലാത്തതിനാൽ രാത്രിയിൽ മോഷ്ടാക്കൾക്ക് സൗകര്യമാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചിട്ടില്ല. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ മുസ്‌ലിം ജമാഅത്ത് പള്ളിയി‌ലെ സ്പീക്കറുകളും സ്വിച്ച് ബോർഡുകളും അലുമിനിയം പാത്രങ്ങളും അടക്കം നഷ്ടപ്പെട്ടു.

വെള്ളവും ചെളിയും നിറഞ്ഞ് വാസയോഗ്യമല്ലാതായ വീടുകളുടെ അകം വൃത്തിയാക്കുന്നതിനായി പുറത്തിട്ട വീട്ടുപകരണങ്ങളും അടുക്കള സാധനങ്ങളും ഫർണിച്ചറുകളും നേരം വെളുക്കുമ്പോഴേക്കും നഷ്ടപ്പെടുകയാണെന്ന് ദുരന്തബാധിതർ പറയുന്നു. ദുരന്ത മേഖലയിൽ മൂന്നിടങ്ങളിൽ പൊലീസ് കാവലും പരിശോധനയും ഉണ്ടെങ്കിലും മോഷണത്തിനു കുറവില്ല. എന്നാൽ, മോഷണം സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

ദുരന്തം നടന്നതിനു തൊട്ടടുത്ത ദിവസങ്ങളിൽ ദുരന്ത ഭൂമിയിലെ വീടുകൾ കേന്ദ്രീകരിച്ചു മോഷണങ്ങൾ നടന്നിരുന്നു. അന്ന് പണമടക്കം നഷ്ടപ്പെട്ടവരുണ്ട്. രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന എത്തിയ മോഷ്ടാക്കൾ വീടുകൾക്കുള്ളിലും പരിസരങ്ങളിലും മോഷണങ്ങൾ നടത്തിയിരുന്നു.പുറമെ നിന്നെത്തിയ മോഷണ സംഘങ്ങൾ ഇപ്പോഴും ദുരന്ത ഭൂമിയിൽ സജീവമാണെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് അന്വേഷണം നടത്തണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.

English Summary:

Thefts are plaguing the disaster-stricken Mundakkai-Chooralmala region of Meppadi, Kerala. Residents report valuable items missing from damaged homes and piles of debris. The lack of electricity and inhabitants at night facilitates these thefts despite police patrols.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com