കലോത്സവ വേദിയിൽ കയ്യടികൾ നിറഞ്ഞ് പണിയ നൃത്തം– വിഡിയോ
Mail This Article
ശ്രീകൃഷ്ണപുരം∙ കലോത്സവ വേദിയിൽ കയ്യടികൾ നിറഞ്ഞ് പണിയ നൃത്തം. തുടി കൊട്ടി പാട്ടും, അരാട്ടി തുണി വേഷവും, കുന്നിക്കുരു കൊണ്ടുള്ള കമ്മലും, കഴുത്തിലണിഞ്ഞ കാശിമാലയും, ഒറ്റ ചേലയും പരമ്പരാഗത കലാരൂപത്തെ കലോത്സവ വേദിയിൽ വേറിട്ടതാക്കി. എച്ച് എസ് വിഭാഗത്തിൽ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളും എച്ച്എസ്എസ് വിഭാഗത്തിൽ പട്ടാമ്പി എടപ്പളം പിടിഎം വൈഎച്ച്എസ്എസ് സ്കൂളും ഒന്നാം സ്ഥാനത്തെത്തി. വേദി 11 തംമ്പോലയിൽ രാവിലെ 11 മുതൽ ആരംഭിച്ച മത്സരം വൈകിട്ട് 6 ഓടെയാണ് സമാപിച്ചത്.
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയ നൃത്തം. ഇത് വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളിക്ക് ആ പേര് വന്നത്. മൂന്നു പുരുഷൻമാർ ചേർന്ന് കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ് ഇതിന്റെ രീതി. ചീനി ഉൗത്തിൽ വിദഗ്ധനായ മറ്റൊരാളും ഉണ്ടായിരിക്കും.
കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും മിക്കവയും. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ് വട്ടക്കളി കളിക്കാറുളളത്. കളിയുടെ സമയത്ത് സ്ത്രീകൾ നിരവധി പാട്ടുകൾ പാടാറുണ്ട്. വീടുകളിൽ മാത്രം കളിച്ചിരുന്ന വട്ടക്കളി ഇന്ന് കലോത്സവ വേദികളിലും ശ്രദ്ധേയമായി.