കൂരകൾ പൊളിച്ചതിൽ വൻ പ്രതിഷേധം; കൂടുതൽ പൊലീസ് സ്ഥലത്തെത്തി
Mail This Article
തോൽപെട്ടി ∙ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപെട്ടി റേഞ്ചിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ 3 കുടുംബങ്ങൾ വർഷങ്ങളായി താമസിച്ച് വരുന്ന കൂരകൾ വനം വകുപ്പ് പൊളിച്ച് മാറ്റിയതിൽ വൻ പ്രതിഷേധം. ടി.സിദ്ദീഖ് എംഎൽഎ, മുൻ മന്ത്രി പി.കെ.ജയലക്ഷ്‌മി, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എൻ.കെ.വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം നിഷാന്ത്, ഹാരിസ് കാട്ടിക്കുളം, എം.ജി.ബിജു, അസീസ് വാളാട്, ഷംസീർ അരണപ്പാറ, സി. അബ്ദുൽ അഷ്റഫ്, റഫീഖ് വേളാഞ്ചേരി, നൗഷാദ് ഇഞ്ചായി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി നടത്തിയ പ്രതിഷേധത്തിന് ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹൻദാസ്, മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, കെ.കെ. പ്രകാശൻ, ശ്രീജിത്ത് കണിയാരം, അരീക്കര ചന്തു, അഖിൽ കേളോത്ത്, ശശി പനവല്ലി എന്നിവർ നേതൃത്വം നൽകി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസും സ്ഥലത്തെത്തി. ഉന്നത തലത്തിൽ ജനപ്രതിനിധികളും വനം വകുപ്പിന്റെ ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടു. വീട് പൊളിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന് ഇതിനകം മന്ത്രിയുടെ പത്രക്കുറുപ്പ് ഇറങ്ങി. വീട് പൊളിച്ച കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുങ്ങും വരെ വനം വകുപ്പിന്റെ ഡോർമിറ്ററിയിൽ താമസിപ്പിക്കുമെന്നും ഇവരുടെ ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുമെന്നും വൈൽഡ് ലൈഫ് വാർഡൻ രേഖാമൂലം ഉറപ്പ് നൽകി. കടുത്ത പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വൈകിട്ട് ആറേമുക്കാലോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കർശന നടപടി സ്വീകരിക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ
മാനന്തവാടി ∙ വയനാട് വന്യജീവി സങ്കേതം തോൽപെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിൽ നിന്നും ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ ഉൾപ്പെടെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ഭരണ വിഭാഗം വനം മേധാവിക്കും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ക്രൂരമായ മനുഷ്യാവകാശ ലംഘനം
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കോളനിയിൽ 10 വർഷത്തിൽ അധികമായി വീട് വച്ചു താമസിക്കുന്ന വിധവകളും പെൺകുട്ടികളും അടങ്ങുന്ന 3 കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് വനംവകുപ്പ് 3 വീടുകൾ മുന്നറിയിപ്പ് ഇല്ലാതെ പൊളിച്ചത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക് ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോൺ പറഞ്ഞു.