വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതിക്കൾക്ക് 3 വർഷം തടവ് ശിക്ഷ
Mail This Article
മാനന്തവാടി ∙ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിലെ പ്രതികൾക്ക് 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി കണിയാരം കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ ബാബു (27)നു 3 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവുമാണ് ശിക്ഷ. രണ്ടാം പ്രതിയായ കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മയ്ക്ക് ഒരു വർഷം കഠിന തടവും 15,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.
കൽപറ്റ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി വി. അനസ് ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് പ്രോസിക്യൂഷനു വേണ്ടി ഹാജരായി. 2017 ഓഗസ്റ്റ് 7നാണ് കേസിന് ആസ്പദമായ സംഭവം. മാനന്തവാടി റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എം.കെ. സുനിലും സംഘവുമാണ് കഞ്ചാവ് ചെടി വളർത്തൽ പിടികൂടിയത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ജെ.ഷാജിയാണ് അന്വേഷണം നടത്തിയത്. മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി.ശിവപ്രസാദ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം എൻഡിപിഎസ് സ്പെഷൽ കോടതിയിൽ സമർപ്പിച്ചു.