ബേഗൂരിൽ കുടിൽ പൊളിച്ച സംഭവം; വിശദീകരണവുമായി വനംവകുപ്പ്
Mail This Article
മാനന്തവാടി ∙ ബേഗൂർ കൊള്ളിമൂലയിൽ ഗോത്ര വിഭാഗത്തിൽ പെട്ടവരുടെ കുടിലുകൾ വനപാലകർ പൊളിച്ച സംഭവം ഏറെ പ്രതിഷേധത്തിനും വിവാദങ്ങൾക്കും വഴി വച്ചതോടെ വിശദീകരണവുമായി വനംവകുപ്പ് രംഗത്ത്. തോൽപെട്ടി റേഞ്ചിലെ നോട്ടിഫൈഡ് വനത്തിനുള്ളിൽ ലക്ഷ്‌മി, ഇന്ദിര, മീനാക്ഷി എന്നിവരുടെ 3 കുടുംബങ്ങളാണു താൽക്കാലിക കുടിലുകൾ കെട്ടി കഴിഞ്ഞ 2024 ജൂലൈ മാസം മുതൽ താമസിച്ചിരുന്നത്. സ്വന്തം വീടിന്റെ പണി പൂർത്തിയാകാത്തതും, അതു വരെ താമസിച്ചിരുന്ന ബന്ധു വീടുകളിലുണ്ടായ സ്ഥലപരിമിതി, അസ്വാരസ്യങ്ങൾ എന്നീ കാരണങ്ങൾ കൊണ്ടാണു വനത്തിനുള്ളിൽ കുടിൽ കെട്ടി താമസം ആരംഭിച്ചത്. ഈ മേഖലയിൽ വന്യജീവികളുടെ സ്ഥിരം സാന്നിധ്യം മൂലമുള്ള അപകട സാധ്യതയും, കുടുംബങ്ങളുടെ സുരക്ഷയും മുൻനിർത്തി ഈ കുടുംബങ്ങളോട് ആദ്യം താമസിച്ചിരുന്ന ബേഗൂർ കൊള്ളിമൂലയിലുള്ള സ്വന്തം ഊരിലേക്കു മാറി താമസിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നാളുകളായി ആവശ്യപ്പെട്ട് വരികയായിരുന്നു.
കുടുംബങ്ങളുമായി നടത്തിയ ചർച്ചകളുടെ ഫലമായി സ്വന്തം ഊരിൽ താൽക്കാലിക കുടിലുകൾ വനം വകുപ്പ് തന്നെ നിർമിച്ചു നൽകാമെന്ന ഉറപ്പിൽ 3 കുടുംബങ്ങളും ഒഴിയാൻ സന്നദ്ധത അറിയിച്ചു. ഇതിനെ തുടർന്ന് ഞായറാഴ്‌ച ലക്ഷ്‌മിയും കുടുംബവും സ്വന്തം വീട്ടിലേക്കും, ഇന്ദിരയുടെയും മീനാക്ഷിയുടെയും കുടുംബങ്ങൾ ബന്ധു വീട്ടിലേക്കും താൽക്കാലികമായി താമസം മാറി. ഇവരുടെ സാന്നിധ്യത്തിൽ തന്നെയാണു പരസ്പര ധാരണ പ്രകാരം വനംവകുപ്പ് കുടിലുകൾ പൊളിച്ചു നീക്കിയത്. പിറ്റേന്നു തന്നെ വനംവകുപ്പ് ഈ കുടുംബങ്ങൾക്കു വേണ്ടിയുള്ള താൽക്കാലിക കുടിലുകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ അന്ന് ഉച്ചയോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തോൽപെട്ടി റേഞ്ച് ഓഫിസിന് മുന്നിൽ സമരം ആരംഭിച്ചതിനാൽ കുടിലുകളുടെ നിർമാണം നിർത്തി വയ്ക്കുകയുണ്ടായി. ചർച്ചകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഈ കുടുംബങ്ങൾക്ക് താൽകാലിക കുടിലുകൾ കെട്ടി കൊടുക്കാനും, അതു പൂർത്തിയാകുന്നതു വരെ വനംവകുപ്പിനു കീഴിലുള്ള ഡോർമെറ്ററിയിൽ താമസിപ്പിക്കാനും, കുടിലുകൾ പൂർത്തിയാകുന്നതു വരെ കുടുംബങ്ങളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കാനും ധാരണയായി.
ലക്ഷ്‌മി താൽക്കാലിക കുടിൽ വേണ്ടെന്നും പണി പൂർത്തിയാകാതെ കിടക്കുന്ന വീടിന് വാതിലും, അടുക്കളയ്ക്കായി താൽക്കാലിക ഷെഡും നിർമിച്ചാൽ സ്ഥിരമായി ആ വീട്ടിലേക്കു താമസം മാറാം എന്ന് അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഇക്കാര്യങ്ങൾ ശരിയാക്കി നൽകി. മറ്റ് 2 കുടുംബങ്ങൾക്ക് ധാരണപ്രകാരം 2 താൽക്കാലിക കുടിലുകൾ വനം നിർമിച്ചു നൽകി. കൊടുത്ത ഉറപ്പുകളെല്ലാം വകുപ്പ് പാലിച്ചതായും ചില തെറ്റിധാരണകൾ മൂലം വിഷയം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വയനാട് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.